-zone-

തിരുവവന്തപുരം: രണ്ട് ജില്ലകൾ കൂടി ഗ്രീൻ സോണിൽ ഉൾപ്പെടുത്തി. 21 ദിവസത്തിലേറെയായി പുതിയ കേസുകളില്ലാത്ത ആലപ്പുഴ, തൃശൂർ ജില്ലകളെയാണ് ഗ്രീൻ സോണിലേക്ക് മാറ്റിയത്. നിലവിൽ കൊവിഡ് പോസിറ്റീവ് രോഗികൾ ചികിത്സയിലില്ലാത്ത ജില്ലകളാണിവ. കണ്ണൂരും കോട്ടയവും റെഡ് സോണിൽ തുടരും. മറ്റ് ജില്ലകൾ ഓറഞ്ച് സോണിലാണ്. സമയാസമയം ജില്ലകളിലെ സ്ഥിതി വിലയിരുത്തി സോണുകളുടെ തരംതിരിക്കൽ മാറ്റും. റെഡ് സോൺ ജില്ലകളിലെ ഹോട്ട്സ്പോട്ടുകളിൽ ലോക്ക് ഡൗൺ നിയന്ത്രണം കർശനമായി തുടരും. മറ്റ് പ്രദേശങ്ങളിൽ ഇളവുകൾ ഉണ്ടാകും.

ജില്ലകളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. 21 ദിവസമായി കൊവിഡ് പോസിറ്റീവ് ഇല്ലാത്ത ജില്ലകളാണ് ഗ്രീൻ സോൺ. കേന്ദ്രത്തിന്റെ പട്ടിക അനുസരിച്ച് എറണാകുളം, വയനാട് ജില്ലകൾ ഗ്രീൻ സോണിലാണ്. വയനാട്ടിൽ ഇന്ന് പോസിറ്റീവ് കേസ് വന്നതിനാൽ ജില്ലയെ ഓറഞ്ച് സോണിലേക്ക് മാറ്റുന്നു.

ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം ജില്ലകളിലെ സ്ഥിതി വിലയിരുത്തി സോണുകളിൽ മാറ്റം വരുത്തുക എന്നതാണ്. റെഡ് സോണിലെ ജില്ലകളിലെ ഹോട്സ്പോട്ട്, കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പ്രസ്താവനയിൽ ഇതിനൊരു കണ്ടെയ്ൻമെന്റ് സോൺ ഉണ്ട്. ഇവിടെ ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി തുടരും. മറ്റ് ഇടങ്ങളിൽ ഇളവുണ്ടാകും. ഹോട്സ്പോട്ടുകളുള്ള നഗരസഭകളുടെ കാര്യത്തിൽ വാർഡോ, ഡിവിഷനോ ആണ് ഹോട്സ്പോട്ടായതെങ്കിൽ അത് അടച്ചിടുന്ന സമീപനമാണ് സ്വീകരിച്ചത്. ഇതു പഞ്ചായത്തുകളുടെ കാര്യത്തിൽ കൂടി വ്യാപിപ്പിക്കും. വാർഡും അതുമായി കൂടിച്ചേർന്ന പ്രദേശവും കണ്ടെയ്ന്‍മെന്റ് സോണുകളാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ഗ്രീൻ സോണിൽ അടക്കം പൊതുഗതാഗതം അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഡ്രൈവർക്കു പുറമെ രണ്ട് പേരിൽ കൂടുതൽ യാത്ര ചെയ്യരുത്. ഹോട്സ്പോട്ടുകളിലും ഇതു പാടില്ല. ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ്‌ യാത്ര പാടില്ല. ഒരാൾ മാത്രമേ സഞ്ചരിക്കാവൂ എന്നാണ് നിർദ്ദേശം. ഹോട്സ്പോട്ട് അല്ലാത്ത ഇടങ്ങളിൽ അത്യാവശ്യ ഘട്ടങ്ങളിൽ സംസ്ഥാനത്ത് ഇളവ് അനുവദിക്കും.

ആളുകൾ കൂടിച്ചേരുന്ന പരിപാടി പാടില്ല. സിനിമാ തിയേറ്റർ, ആരാധനാലയങ്ങൾ, തുടങ്ങിയവയ്ക്കു നിയന്ത്രണം തുടരും. ആളുകൾ കൂടിച്ചേരുന്ന പരിപാടികൾ വേണ്ടെന്നു വയ്ക്കും. ഞായറാഴ്ച പൂർണ അവധിയായിരിക്കും. കടകൾ തുറക്കരുത്. വാഹനങ്ങൾ പുറത്തിറങ്ങരുത്. ഈ തീരുമാനത്തിന് നാളെ ഇളവുണ്ട്. തുടർന്നുള്ള ഞായറാഴ്ചകളിൽ നിയന്ത്രണം പൂർണതോതിൽ കൊണ്ടുവരണം-മുഖ്യമന്ത്രി പറഞ്ഞു.