tax-collection

ന്യൂഡൽഹി: കൊവിഡിലും ലോക്ക്ഡൗണിലും തളരാതെ, കേന്ദ്രസർക്കാരിന്റെ അറ്റ പ്രത്യക്ഷ നികുതി വരുമാനം ഏപ്രിലിൽ 36.5 ശതമാനം വർദ്ധിച്ച് 34,783 കോടി രൂപയിലെത്തി. 2019 ഏപ്രിലിൽ വരുമാനം 25,477 കോടി രൂപയായിരുന്നു. മൊത്തം പ്രത്യക്ഷ നികുതി വരുമാനത്തിൽ നിന്ന് റീഫണ്ട് ഉൾപ്പെടെയുള്ള ബാദ്ധ്യതകൾ കിഴിച്ചശേഷമുള്ള ബാക്കി തുകയാണ് അറ്റ വരുമാനം.

മൊത്തം പ്രത്യക്ഷ നികുതി വരുമാനം 5.4 ശതമാനം കുറഞ്ഞു. കഴിഞ്ഞവർഷം ഏപ്രിലിലെ 43,950 കോടി രൂപയിൽ നിന്ന് 41,555 കോടി രൂപയായാണ് കുറഞ്ഞത്. ആദായ നികുതി റീഫണ്ട് ഇനത്തിൽ കഴിഞ്ഞമാസം കേന്ദ്രസർക്കാരിന് 6,772 കോടി രൂപ ചെലവായി. 2019 ഏപ്രിലിൽ റീഫണ്ട് 18,473 കോടി രൂപയായിരുന്നു. കഴിഞ്ഞമാസം ആദായ നികുതിയായി 19,762 കോടി രൂപയും കോർപ്പറേറ്റ് നികുതിയായി 14,608 കോടി രൂപയുമാണ് ലഭിച്ചത്.

ഏപ്രിൽ ജി.എസ്.ടി

കണക്ക് പിന്നീട്

സമാഹരണം കുത്തനെ ഇടിഞ്ഞ പശ്‌ചാത്തലത്തിൽ, കഴിഞ്ഞമാസത്തെ ജി.എസ്.ടി കണക്ക് പ്രഖ്യാപിക്കുന്നത് കേന്ദ്രസർക്കാർ നീട്ടി. മേയ് ഒന്നിനാണ് പ്രഖ്യാപിക്കേണ്ടിയിരുന്നത്. ഈയാഴ്‌ച തന്നെ കണക്ക് പുറത്തുവിട്ടേക്കും.

500%

കഴിഞ്ഞമാസം കേന്ദ്രസർക്കാരിന്റെ അറ്റ പ്രത്യക്ഷ നികുതി സമാഹരണത്തിൽ ഏറ്റവും ഉയർന്ന വളർച്ച കുറിച്ചത് മുംബയാണ്; 500 ശതമാനം.

രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള നഗരങ്ങളുടെ വളർച്ച:

 ബംഗളൂരു : 160%

 ഡൽഹി : 34%