bathra

2032 ഒളിമ്പിക്‌സിന് വേദിയാകാൻ ശ്രമം തുടങ്ങിയെന്ന് നരീന്ദർ ബത്ര

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിനും കോമൺവെൽത്ത് ഗെയിംസിനും വേദിയായിട്ടുള്ള ഇന്ത്യയ്ക്ക് ആതിഥ്യം വഹിക്കാൻ ഒരു ഒളിമ്പിക്സ് ലഭിക്കുമോ ?. ഒരു പക്ഷേ വ്യാഴവട്ടക്കാലത്തിന് ശേഷമുള്ള ഒളിമ്പിക്സ് നടക്കുക ഇന്ത്യൻ മണ്ണിലായിരിക്കും.

2032 ഒളിമ്പിക്സിന് വേദിയാകാൻ അവസരം തേടി ഇന്ത്യ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയെ സമീപിക്കാൻ തയ്യാറെടുക്കുകയാണെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തലവൻ നരീന്ദർ ബത്ര അറിയിച്ചിരിക്കുകയാണ്. ഇതിന് മുന്നോടിയായി 2026 യൂത്ത് ഒളിമ്പിക്‌സിന് വേദിയാകാൻ ബിഡ് നൽകും. 2010ൽ ഡൽഹി കോമൺവെൽത്ത് ഗെയിംസ് നടത്തുന്നതിന് മുമ്പ് 2008ൽ പൂനെയിൽ യൂത്ത് കോമൺവെൽത്ത് ഗെയിംസ് നടത്തിയിരുന്നു.

ഒളിമ്പിക്സിനും യൂത്ത് ഒളിമ്പിക്സിനും വേദി ലഭിക്കുന്നതിന് ഇന്ത്യ കടുത്ത മത്സരം നേരിടേണ്ടിവരും.ഒളിമ്പിക് വേദിയാകാൻ ആസ്ട്രേലിയയിലെ ക്വീൻസ് ലാൻഡ്,ചൈനയിലെ ഷാങ്ഹായിയും രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിനെല്ലാം ഉപരിയായി ദക്ഷിണ - ഉത്തര കൊറിയകൾ ഒത്തുചേർന്നൊരു ഒളിമ്പിക്സ് നടത്താനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.സിയോളും പ്യോംഗ്യാംഗും ചേർന്നാകും വേദിയൊരുക്കുക. യൂത്ത് ഒളിമ്പിക്സ് വേദിക്കായി തായ്‌ലാൻഡ്,റഷ്യ,കൊളംബിയ എന്നീ രാജ്യങ്ങൾ ഐ.ഒ.സിയെ സമീപിച്ചിട്ടുണ്ട്.

ഒളിമ്പിക് വേദിയ്ക്കായുള്ള കടലാസുപണികൾ കൊവിഡിന് മുമ്പ് ആരംഭിച്ചിരുന്നതായും ഇപ്പോൾ താത്കാലികമായി നിറുത്തിവച്ചിരിക്കുന്നതായും ബത്ര അറിയിച്ചു. ലോക്ക്ഡൗൺ കഴിഞ്ഞ് എത്രയും പെട്ടെന്ന് ഇത് പൂർത്തിയാക്കി ഐ.ഒ.എയ്ക്ക് സമർപ്പിക്കും. കേന്ദ്ര സർക്കാരിന്റെ എല്ലാ പിന്തുണയും എെ.ഒ.എയുടെ നീക്കത്തിനുണ്ടെന്നും ബത്ര പറഞ്ഞു.2025ലാണ് ഒളിമ്പിക് വേദി സംബന്ധിച്ച് ഐ.ഒ.സി തീരുമാനമെടുക്കുക.
പത്തുവർഷം മുമ്പ് ഇന്ത്യ ആതിഥ്യം വഹിച്ച കോമൺവെൽത്ത് ഗെയിംസ് അഴിമതിയുടെ കടുത്ത നാണക്കേടിലാണ് അവസാനിച്ചത്. സ്റ്റേഡിയങ്ങളുടെ നിർമ്മാണത്തിലും മറ്റും വലിയ അഴിമതി ആരോപണങ്ങളുണ്ടായി. ഗെയിംസിന്റെ നടത്തിപ്പുകാരനായ സുരേഷ് കൽമാഡി അഴിക്കുള്ളിലായി.

ഡൽഹി ഒളിമ്പിക്സ് ?

ഏഷ്യൻ ഗെയിംസുകൾക്കും കോമൺവെൽത്ത് ഗെയിംസിനും വേദിയായ ഡൽഹിതന്നെയാണ് ഒളിമ്പിക് വേദിയായും ഇന്ത്യ മുന്നോട്ടുവയ്ക്കുകയെന്ന് അറിയുന്നു. 1951ൽ ആദ്യ ഏഷ്യൻ ഗെയിംസിന് വേദിയായത് ഇന്ത്യയാണ്. 1982ലാണ് ഡൽഹിയിൽ പിന്നീട് ഏഷ്യൻ ഗെയിംസ് എത്തിയത്. 28 വർഷങ്ങൾക്ക് ശേഷം കോമൺവെൽത്ത് ഗെയിംസും രാജ്യ തലസ്ഥാനത്തെ തേടിയെത്തി.

അനുകൂലം Vs പ്രതികൂലം

ലോക ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തും വിസ്തൃതിയിൽ ഏഴാം സ്ഥാനത്തുമുള്ള ഇന്ത്യയിലേക്ക് ഒളിമ്പിക്സ് ഉൾപ്പടെയുള്ള വലിയ ഗെയിംസുകൾ കൊണ്ടുവരാൻ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് താത്പര്യമുണ്ട്. വലിയ മാർക്കറ്റിംഗ് സാദ്ധ്യതകളാണ് ഇതിന് കാരണം. ഒളിമ്പിക്സുകളിൽ അടുത്തകാലത്ത് ഇന്ത്യ മെഡൽപ്പട്ടികയിൽ ചലനമുണ്ടാക്കുന്നതും ആശാവഹമാണ്.

അതേസമയം വലിയ ഗെയിംസുകൾ നടത്തിയുള്ള പരിചയക്കുറവും അഴിമതി ആരോപണങ്ങളും പിറകോട്ടടിക്കുന്നു.ഒളിമ്പിക്സിന് വേദിയാകാൻ ശ്രമിക്കുന്നതിന് പകരം യൂത്ത് ഒളിമ്പിക്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്ന് അടുത്തിടെ ഐ.ഒ.സി അംഗം ജോൺ കോട്ട്സ് അഭിപ്രായപ്പെട്ടിരുന്നു.കൊവിഡിന് ശേഷമുളള രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും പ്രതിബന്ധമായേക്കും.

ഡൽഹി കോമൺവെൽത്ത് ഗെയിംസ് വലിയ പാഠമായി മുന്നിലുണ്ട്. അതിൽ അഴിമയി നടന്നെന്ന് കരുതി ഇനി വലിയ ഗെയിംസുകൾക്ക് ശ്രമിക്കാതിരിക്കുന്നത് ശരിയല്ല. ഇന്ത്യയിലേക്ക് ഒളിമ്പിക്സ് കൊണ്ടുവരാൻ പരിശ്രമിക്കും.

- നരീന്ദർ ബത്ര

ഐ.ഒ.എ പ്രസിഡന്റ്