വാഷിംഗ്ടൺ: ലോകപ്രശസ്‌ത അമേരിക്കൻ നടനും ഗായകനും സംഗീതജ്ഞനുമായ സാം ലോയ്ഡ് അന്തരിച്ചു. 56 വയസായിരുന്നു. കഴിഞ്ഞ വർഷം മുതൽ മസ്‌തിഷ്കാർബുദത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. മെഡിക്കൽ കോമഡി സീരിസായ സ്ക്രബ്സിലെ ടെഡ് ബക്ക്‌ലാൻഡ് എന്ന കഥാപാത്രത്തിലൂടെയായിരുന്നു അദ്ദേഹം പ്രേക്ഷകഹൃദയത്തിൽ സ്ഥാനം നേടിയത്. ഡെസ്പറേറ്റ് ഹൗസ്‌വൈഫ്സ്, മോഡേൺ ഫാമിലി, ദ വിസ്റ്റ് എന്നിങ്ങനെ നിരവധി സീരിസുകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. ദ മഡ്ജ് ബോയ്, ഫ്ലബർ, ക്രൈ ഫോർ ഹെൽപ്പ് തുടങ്ങി 17 ഓളം സിനിമകളിലും അഭിനയിച്ചു. അക്കാപ്പല്ല ബാൻഡായ ദ ബ്ലാങ്ക്സിലൂടെ ഗായകൻ, സംഗീതജ്ഞൻ എന്നീ നിലകളിലും അദ്ദേഹം തിളങ്ങി. വനേസ ലോയ്ഡാണ് ഭാര്യ. ഒരു മകനുണ്ട്. പ്രശസ്ത അമേരിക്കൻ നടൻ ക്രിസ്റ്റഫർ അലൻ ലോയ്ഡ് അമ്മാവനാണ്.