ഷാങ്‌ഹായ്: അനിമേഷൻ ചിത്രത്തിലൂടെ അമേരിക്കയുടെ കൊവിഡ് പ്രതികരണത്തെ പരിഹസിച്ച് ചൈന. 'വൺസ് അപ്പോൺ എ വൈറസ്' എന്ന് പേരിട്ടിരിക്കുന്ന ഈ ഹ്രസ്വ ചിത്രത്തിലൂടെ അമേരിക്ക കൊവിഡിനെതിരെ കൃത്യമായ പ്രതിരോധം തീർത്തില്ലെന്നും മുൻകരുതലുകൾ സ്വീകരിച്ചില്ലെന്നും മുന്നറിയിപ്പുകൾ അവഗണിച്ചുവെന്നുമാണ് അനിമേഷൻ ചിത്രം പറഞ്ഞുവയ്ക്കുന്നത്.
ചൈനയിലെ ഷിൻഹുവാ വാർത്താ ഏജൻസിയാണ് വീഡിയോ പുറത്തുവിട്ടത്. 'ലെഗോ' പാവകളുടെ രൂപത്തിലുള്ള, മാസ്ക് ധരിച്ച ചൈനീസ് ടെറാക്കോട്ട പടയാളിയും അമേരിക്കയെ പ്രതിനിധീകരിക്കുന്ന 'സ്റ്റാച്യു ഒഫ് ലിബേർട്ടി'യും തമ്മിൽ നടക്കുന്ന ഒരു സംഭാഷണത്തിന്റെ രൂപത്തിലാണ് അനിമേഷൻ ചിത്രം ഒരുക്കിയിരിക്കുന്നത്.
തങ്ങൾ കണ്ടെത്തിയ വൈറസിനെക്കുറിച്ച് നേരത്തെ തന്നെ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടും രാജ്യം വേണ്ട മുൻകരുതലുകൾ സ്വീകരിച്ചില്ലെന്നും തക്കസമയത്ത് തന്നെ ചൈന രോഗപ്രതിരോധം ആരംഭിച്ചുവെന്നും ടെറാക്കോട്ട പടയാളി പറയുമ്പോൾ അതിനെ എല്ലാം എതിർക്കുകയാണ് ചിത്രത്തിലെ സ്റ്റാച്യു ഒഫ് ലിബേർട്ടി ചെയ്യുന്നത്.
ചൈന വേണ്ടസമയത്ത് മുന്നറിയിപ്പ് നൽകിയില്ലെന്നും വൈരുദ്ധ്യങ്ങൾ ഉണ്ടാകുമെങ്കിലും തങ്ങൾ എപ്പോഴും ശരി മാത്രമേ പറയാറുള്ളൂ എന്നും സ്റ്റാച്യു ഒഫ് ലിബേർട്ടി ചിത്രത്തിൽ പറയുന്നുണ്ട്.
ചൈനയെ പിന്തുണയ്ക്കുന്നു എന്ന കാരണം പറഞ്ഞുകൊണ്ട് ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ടുകൾ അമേരിക്ക നിർത്താൻ തീരുമാനിച്ചതിനെക്കുറിച്ചും വീഡിയോയിൽ പരാമർശമുണ്ട്. കൊവിഡ് 19 വൈറസ് ചൈനയിലെ ലാബിൽ നിന്നും പുറത്തുവന്നതാണെന്ന് അമേരിക്കയും രാജ്യത്തിന്റെ പ്രസിഡന്റായ ഡൊണാൾഡ് ട്രംപും ആരോപിച്ചിരുന്നു. ചൈന തക്കസമയത്ത് രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയില്ലെന്നും അമേരിക്ക ആരോപണമുയർത്തിയിരുന്നു.