lock-down

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ അന്തർജില്ലായാത്രയ്ക്ക് അനുമതി നൽകുമെന്ന് മുഖ്യമന്ത്രി. യാത്രയ്ക്ക് പ്രത്യേക അനുമതി ആവശ്യമാണ്. യാത്ര സ്വകാര്യവാഹനത്തിലായിരിക്കണം. ഡ്രൈവറും രണ്ടു യാത്രക്കാരും മാത്രമേ വാഹനത്തിലുണ്ടാകാൻ പാടുള്ളൂ. ഇങ്ങനെ യാത്ര ചെയ്യുന്നവർക്ക് ക്വാറന്റൈൻ ആവശ്യമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, രാത്രി സഞ്ചാരത്തിന് സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി. കേന്ദ്ര സർക്കാർ മുന്നോട്ട് വച്ച പൊതുവായ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ട് സംസ്ഥാനത്തിന്റെ സവിശേഷത കൂടി ഉൾക്കൊണ്ട് നിയന്ത്രണങ്ങൾ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനുള്ള മാർഗനിർദ്ദേശങ്ങൾ ഉടൻ പ്രഖ്യാപിക്കും.

സ്വാഭാവിക ജനജീവിതം എത്രത്തോളം അനുവദിക്കാനാകും എന്നാണ് സർക്കാർ പരിശോധിക്കുന്നത്.

സംസ്ഥാനത്തെ ഇളവുകൾ

ഗ്രീൻ സോണിൽ കടകമ്പോളങ്ങളുടെ പ്രവർത്തന സമയം രാവിലെ 7 മുതൽ രാത്രി 7.30 വരെയായിരിക്കും. അകലം സംബന്ധിച്ച് നിബന്ധനകൾ പാലിക്കണം. ഇത് ആഴ്ചയിൽ ആറു ദിവസവും അനുവദിക്കും. ഓറഞ്ചു സോണിൽ നിലവിലുള്ള സ്ഥിതി തുടരണം.


ഗ്രീൻ സോണിലെ സേവന മേഖലയിലെ സ്ഥാപനങ്ങൾ ആഴ്ചയിൽ മൂന്നു ദിവസം പരമാവധി 50 ആളുകളുടെ സേവനം ഉപയോഗിച്ച് പ്രവർത്തിക്കും. ഓറഞ്ചു സോണുകളിൽ നിലവിലുള്ള സ്ഥിതി തുടരും.


ഹോട്ട്‌സ്‌പോട്ടുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ഹോട്ടൽ, റസ്‌റ്റോറന്റ് എന്നിവയ്ക്ക് പാഴ്‌സലുകൾ നല്‍കാനായി തുറന്നു പ്രവർത്തിക്കാം. എന്നാൽ അവിടെ ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കില്ല. നിലവിലുള്ള സമയക്രമം പാലിക്കണം.


ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനങ്ങൾക്കു നിലവിലെ സ്ഥിതി തുടരാം.


ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്‌സ്റ്റൈൽ സ്ഥാപനങ്ങൾ, അഞ്ചിൽ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും. ഈ ഇളവുകൾ ഗ്രീൻ, ഓറഞ്ച് സോണുകൾക്ക് മാത്രമാണ് ബാധകം.


നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ടാക്‌സി, യൂബർ പോലുള്ള കാബ് സർവീസ് അനുവദിക്കും. ഡ്രൈവറും രണ്ടു യാത്രക്കാരും മാത്രമേ പാടുള്ളൂ.


ഹോട്ട്‌സ്‌പോട്ടുകളിൽ ഒഴികെ അന്തർജില്ലാ യാത്രക്ക് പ്രത്യേകം അനുവദിക്കപ്പെട്ട കാര്യങ്ങൾക്ക് അനുമതി നല്‍കും. പൊതുവാഹനം ഉപയോഗിക്കരുത്. കാറുകളിൽ പോകാം.


ചരക്കുവാഹനങ്ങളുടെ നീക്കത്തിന് നിയന്ത്രണങ്ങൾ ഉണ്ടാകില്ല. പ്രത്യേക പെർമിറ്റ് വേണ്ടതില്ല.
അത്യാവശ്യ കാര്യങ്ങൾക്ക് രാവിലെ 7 മുതൽ രാത്രി 7.30 വരെ ജനങ്ങൾക്ക് പുറത്തിറങ്ങാവുന്നതാണ്. ഇത് ഹോട്ട്‌സ്‌പോട്ടുകളിൽ പൊതുനിയന്ത്രണത്തിന് വിധേയമായിട്ടായിരിക്കും.
65 വയസിന് മുകളിൽ പ്രായമുള്ളവരും 10 വയസിന് താഴെയുള്ള കുട്ടികളും വീടുകളിൽ തന്നെ കഴിയണം.
വൈകീട്ട് 7.30 മുതൽ രാവിലെ 7 വരെയുള്ള സഞ്ചാരത്തിന് നിയന്ത്രണമുണ്ടാകും.
അത്യാവശ്യവും അനുവദനീയവുമായ കാര്യങ്ങൾക്ക് റെഡ്‌സോണുകളിലും വാഹനങ്ങൾ ഓടാൻ അനുവദിക്കും. ഡ്രൈവറും രണ്ടുയാത്രക്കാരും മാത്രമേ പാടുള്ളൂ.
ടൂവീലറിൽ പിൻസീറ്റ് യാത്രക്ക് അനുവാദമില്ല.
കൃഷി, വ്യവസായം എന്നിവയുടെ കാര്യത്തിൽ നേരത്തെ പറഞ്ഞ ഇളവുകൾ തുടരും.
കേന്ദ്രം അനുവദിച്ച ഇളവുകൾ മിക്കതും സംസ്ഥാനത്തും ബാധകമായിരിക്കും.