smile-
ചിരിയും കൗതുകവും പകരുന്ന ഫാഷൻ മുഖാവരണങ്ങൾ വിപണിയിൽ അവതരിപ്പിച്ച വയനാട് കാവുമന്ദത്തെ ട്രെൻഡ്സ് സ്പോർട്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാർ അവരൊരുക്കിയ മാസ്കുകളണിഞ്ഞ്

തിരുവനന്തപുരം: ഈ ചിരിദിനത്തിൽപോലും പുറത്തിറങ്ങിയൊന്ന് ചിരിച്ചാൽ 'വലിയ വില' നൽകേണ്ടി

വരും! എങ്ങനെ മനസുതുറന്ന് ചിരിക്കും?​ ചിരപരിചിതരോടുപോലും എങ്ങനെ പുഞ്ചിരിക്കും?​ നമ്മുടെയെല്ലാം ചിരി മാസ്ക്‌ മറച്ചിരിക്കുന്നു. മനുഷ്യന്റെ ചിരി അതിനുള്ളിൽ വീർപ്പുമുട്ടുമ്പോൾ കൊവിഡ് 19 പൊട്ടിച്ചിരിക്കുന്നുണ്ടാകാം.

ലോകത്ത് ചിരിക്കാൻ കഴിവുള്ള ഏകജീവിയെന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല. കുറഞ്ഞതു ആറുമാസമെങ്കിലും ചിരിയെ മറച്ചുകൊണ്ട് നമ്മൾ മാസ്ക് ധരിക്കേണ്ടി വരുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. ഒരാളെ ഇഷ്ടപ്പെടാനും ആകർഷിക്കാനും സുഹൃദ്ബന്ധമുണ്ടാക്കാനുമൊക്കെ ഒരു ചിരി മതിയായിരുന്നു. ഇനി കണ്ണിനു താഴെ മാസ്കിനുള്ളിൽ ചിരിയാണോ നീരസമാണോ എന്നെങ്ങനെ അറിയും? ആശയവിനിമയം കണ്ണിലൂടെ മാത്രമാകും.

​ എന്തായാലും ചിരി മറയ്ക്കുന്ന മാസ്ക് പല രീതിയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് ആ മേഖയിൽ വ്യാപരിക്കുന്നവർ. ജെൻസ് സ്പെഷ്യൽ,​ ലേഡീസ് സ്പെഷ്യൽ,​ കിഡ്സ് സ്പെഷ്യൽ എന്നിങ്ങനെ വിവിധ ഇനം മാസ്കുകൾ ഉടനെ വിപണിയിലെത്തും. ഷർട്ടിനു മാച്ചു ചെയ്യുന്നവ,​ സാരിക്കും ചുരിദാറിനും മാച്ചു ചെയ്യുന്നവ, കൗതുകം നിറയ്ക്കുന്നവ എന്നിങ്ങനെ വിവിധ ഇനങ്ങൾ വൈകാതെ വിപണിയിലെത്തും. സാരിക്കും ഷർട്ടിനുമൊപ്പം മാസ്ക് ഫ്രീ എന്ന പരസ്യവാചകം കേൾക്കാൻ അധിക നാൾ വേണ്ടിവരില്ല. പല കോസ്റ്റ്യൂം ഡിസൈനർമാരും അതിന്റെ പണിപ്പുരയിലാണ്.

എന്തൊക്കെയിനം മാസ്ക് ധരിച്ചാലും ചിരിയോളം ആകില്ലല്ലോ. ആണിനും പെണ്ണിനും ധരിക്കാനുള്ള ഏറ്റവും ഭംഗിയുള്ള ആഭരണം ചിരിതന്നെ. പണം മുടക്കാതെ കിട്ടുന്ന ഔഷധംകൂടിയാണ് ചിരി.

''മനുഷ്യൻ ചിരിയിൽ വരെ കാപട്യം കൊണ്ടുവന്നു. സ്വയംമറന്ന് ചിരിക്കുന്നവർ കുറഞ്ഞു. കള്ളച്ചിരി മാസ്കിനുള്ളിൽ കിടന്ന് നശിക്കട്ടെ. മാസ്ക് മാറ്റാവുന്ന കാലത്ത് നല്ല ശുദ്ധമായ ചിരി സമ്മാനിക്കാൻ മനുഷ്യന് കഴിയും''

- ഇന്ദ്രൻസ്,​ ചലച്ചിത്രതാരം

മനുഷ്യബന്ധങ്ങളുടെ മനോഹരമായ അടയാളമാണ് ചിരി. അത് നിലനിന്നേ പറ്റൂ. കൊവിഡ് തീരുന്നതുവരെ മാസ്കും വേണം. അതുകൊണ്ട് മാസ്കിനുള്ളിലാണെങ്കിലും ചിരിക്കുക. ചിരി ആരോഗ്യത്തിനും പ്രതിരോധത്തിനും അത്യാവശ്യമാണ്.''

- ഡോ.വി.അരുൺ,​ മനഃശാസ്ത്രജ്ഞൻ

ചിരിവചനങ്ങൾ

ഒരു ദിവസം ചിരിച്ചില്ലെങ്കിൽ ആ ദിവസം നഷ്ടമായെന്നർത്ഥം

-ചാർളി ചാപ്ലിൻ

മനുഷ്യൻ മരിക്കുന്നതിനാൽ ജീവിതം അതിന്റെ തമാശ അവസാനിപ്പിക്കുന്നില്ല. മനുഷ്യൻ ചിരിക്കുന്നതിനാൽ അതിന്റെ ഗൗരവം കുറയുന്നുമില്ല

- ജോർജ് ബർണാഡ് ഷാ