തിരുവനന്തപുരം: സ്വന്തമായി ഒരു സ്‌കൂട്ടർ വാങ്ങുക എന്ന സ്വപ്‌നം പൂർത്തിയാക്കാനാണ് പ്ലസ് വൺ വിദ്യാർത്ഥി അപർണ തങ്കച്ചൻ രണ്ട് വർഷമായി കിട്ടുന്ന കാശ് കൂട്ടിവച്ചുതുടങ്ങിയത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ബുദ്ധിമുട്ടുന്ന നാടിന് കൈത്താങ്ങാകാൻ തന്റെ സ്വപ്‌നത്തെ ഈ മിടുക്കി തത്കാലം മാറ്റിവച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആ തുക സംഭാവന ചെയ്‌ത് മാതൃകയായിരിക്കുകയാണ് അപർണ. കഴിഞ്ഞ രണ്ടുവർഷമായി കടകംപള്ളി സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുകയാണ് ഇന്നലെ മന്ത്രി കടകംപള്ളി സുരേന്ദ്രന് കെെമാറിയത്. കോട്ടൺഹിൽ സ്‌കൂളിലെ പ്ളസ് വൺ വിദ്യാർത്ഥിയായ അപർണ കടകംപള്ളി മാറ്റ് ആൻഡ് മാറ്റികസ് പ്രസിഡന്റും, കടകംപള്ളി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗവുമായ എസ്. തങ്കച്ചന്റെയും മിനിയുടെയും ഏക മകളാണ്. ബാലസംഘം മേഖലാ സെക്രട്ടറി കൂടിയാണ് അപർണ.