ന്യൂഡൽഹി: കൊവിഡ്-19 ചികിത്സയിൽ യു.എ.ഇയെ സഹായിക്കുന്നതിന് ഇന്ത്യ മെഡിക്കൽ സംഘത്തെ അയയ്ക്കുന്നു. 88 വിദഗ്ദ്ധ ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന സംഘത്തെയാണ് ഇന്ത്യ അയയ്ക്കുന്നത്. ഡൽഹിയിലെ യു.എ.ഇ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.
ദിവസങ്ങൾക്ക് മുൻപ് ഇന്ത്യയിൽ നിന്നുള്ള ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം യു.എ.ഇ അഭ്യർത്ഥിച്ചിരുന്നു. അവധിക്ക് ഇന്ത്യയിലെത്തിയ ആരോഗ്യപ്രവർത്തകരെ മടക്കിയെത്തിക്കുന്നതിന് പ്രത്യേക വിമാനം അനുവദിക്കാമെന്നും യു.എ.ഇ വ്യക്തമാക്കിയിരുന്നു. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ മെഡിക്കൽ സംഘത്തെ അയക്കുന്നതെന്ന് യു.എ.ഇ. എംബസി ട്വീറ്റ് ചെയ്തു.
കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് യു.എ.ഇ.യിൽ നിന്നും 7 ടൺ മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യയിലേക്ക് അയച്ചതായും എംബസി ട്വീറ്റ് ചെയ്തു.