ഗുവാഹത്തി: ചൈനയിൽ നിന്നുമുള്ള മൃഗാവശിഷ്ടങ്ങൾ കാരണം മാരക രോഗം പിടിപെട്ട് ചത്തൊടുങ്ങിയത് അസമിലെ പന്നികൾ. 'ആഫ്രിക്കൻ സ്വൈൻ ഫ്ലൂ' എന്ന ഈ രോഗം ബാധിച്ച് അസമിൽ ഇതുവരെ ചത്തത് 2300 പന്നികളാണെന്നതാണ് പുറത്തുവരുന്ന കണക്ക്. ചൈനയിൽ നിന്നും അരുണാചൽ പ്രദേശിലൂടെ നദികൾ വഴിയാണ് രോഗാണുക്കൾ ആസാമിലേക്ക് എത്തിയതെന്ന് അസം വെറ്റിനറി ആൻഡ് അനിമൽ ഹസ്ബന്ററി മന്ത്രിയായ അതുൽ ബോറ വ്യക്തമാക്കുന്നു. കശാപ്പിന് ശേഷം മൃഗാവശിഷ്ടങ്ങൾ ചൈന നദികളിൽ ഉപേക്ഷിച്ചതാണെന്നും അത് ഒഴുകി ആസാമിലേക്ക് എത്തിചേർന്നതാണെന്നുമാണ് അനുമാനം.
നദികളിലെ വെള്ളം പന്നികൾ കുടിച്ചിരുന്നു. അങ്ങനെയാണ് അവയ്ക്ക് രോഗം വന്നതെന്ന് അധികൃതർ വിലയിരുത്തുന്നു. ഈ രോഗം ഇപ്പോൾ കാട്ടുപന്നികളിലേക്കും പടർന്നിട്ടുണ്ട്. സ്ഥിതി ഗൗരവതരമായതിനാൽ അസമിലെ വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾ, ദേശീയ പാർക്കുകൾ, റിസർവ് വനങ്ങൾ എന്നിവ കടുത്ത ജാഗ്രതാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
കാസിരംഗ ദേശീയ പാർക്കിലെ ബ്രഹ്മപുത്ര നദീതീരത്തുനിന്നും നിരവധി ആറ് പന്നികളുടെ ജഡങ്ങൾ കണ്ടെടുത്ത സാഹചര്യത്തിലാണിത്. ഇറച്ചിക്കായി വളർത്തുന്ന കൊണ്ടുപോയ വാഹനങ്ങളും ഡ്രൈവർമാരും മറ്റും രോഗം പരത്തുന്നതിന് കാരണമായേക്കുമോ എന്നും പന്നിവളർത്തലുകാർ ആശങ്കപ്പെടുന്നുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പന്നി വളർത്തലും വിൽപ്പനയും 8000 മുതൽ 10,000 കോടി രൂപവരെ വിറ്റുവരവുള്ള തൊഴിലാണ്. കൊവിഡ് മൂലം നിരവധി കർഷകർ ഇപ്പോൾ തന്നെ പ്രതിസന്ധിയിലായിരിക്കുന്ന വേളയിലാണ് ഈ രോഗവും അവരെ തേടിയെത്തുന്നത്.