khalid-

കാസർകോട്: മഹാരാഷ്ട്രയിൽ ചികിത്സ കിട്ടാതെ മലയാളി ഹോട്ടൽ വ്യവസായി മരിച്ചു. കാസർകോട് കുമ്പള ബംബ്രാണ സ്വദേശി കെ.എസ്.ഖാലിദാണ് (55) മരിച്ചത്. രണ്ട് ദിവസം മുമ്പ് പനി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും കൊവിഡ് സംശയിച്ച് അഡ്മിറ്റ് ചെയ്യാതെ തിരിച്ചയക്കുകയായിരുന്നു. ഏഴോളം ആശുപത്രികളെ സമീപിച്ചെങ്കിലും മുംബൈയിലെ സെന്റ് ജോർജ് ആശുപത്രി അധികൃതരാണ് അഡ്മിറ്റ് ചെയ്യാൻ തയ്യാറായത്. കൊവിഡ് സംശയത്തെ തുടർന്ന് പരിശോധന നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ മരണം സംഭവിച്ചു.

മുംബൈയിൽ കുടുംബത്തോടൊപ്പം റസ്റ്റ് ഹൗസ് ബിസിനസ് രംഗത്ത് 25 വർഷത്തോളമായി പ്രവർത്തിച്ചുവരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയുമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മുംബൈ അഖില കാസർകോട് മുസ്ലിം ജമാഅത്ത് കൗൺസിൽ മെമ്പറും മുംബൈ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ മെമ്പറും ആയിരുന്നു. ഷയ്ഖ് ആലി മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷമീമ (മുംബൈ), മക്കൾ: ഷഹബാദ്, ഷാഹിദ്. മരുമക്കൾ: ഷബാ, ഹുദ (ഇരുവരും മുബൈ).