sandeep-kumari

ന്യൂഡൽഹി : 2018ൽ ഗോഹട്ടിയിൽ നടന്ന ദേശീയ സീനിയർ ഇന്റർ സ്റ്റേറ്റ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ ഉത്തേജക ഉപയോഗത്തിന് ഇന്ത്യൻ വനിതാ ഡിസ്കസ് ത്രോ താരം സന്ദീപ് കുമാരിക്ക് അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജൻസി (വാഡ)നാല് വർഷത്തെ വിലക്ക് വിധിച്ചു. ഇന്ത്യ്യിലെ ദേശീയ ഏജൻസി ലാബിൽ പരിശോധിച്ച് ഉത്തേജകം ഉപയോഗിച്ചിട്ടില്ലെന്ന് ക്ളിയർ ചെയ്ത സാമ്പിളാണ് വാഡ മോൺട്രിയലിലെ ലാബിലയച്ച് പുന:പരിശോധന നടത്തിയത്.

ഗോഹട്ടി മീറ്റിൽ നിന്ന് ഇത്തരത്തിൽ പിടിക്കപ്പെടുന്ന നാലാമത്തെ താരമാണ് സന്ദീപ് കുമാരി. നേരത്തെ നിർമല ഷെയ്റോൺ, ജുമാ ഖാത്തൂൻ എന്നിവരെയും ഇൗ രീതിയിൽ വിലക്കിയിരുന്നു. ഗോഹട്ടിയിൽ 58.41 മീറ്റർ എറിഞ്ഞ സന്ദീപ് കുമാരി സ്വർണം നേടിയിരുന്നു.2018 ജൂൺ 26 മുതൽ നവംബർ 21വരെയുള്ള കാലയളവിലെ ഇവരുടെ എല്ലാ പ്രകടനങ്ങളും റദ്ദാക്കിയിട്ടുണ്ട്. .2018 ജൂൺ 26 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് നാലുവർഷ വിലക്ക്.