ന്യൂഡൽഹി: ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിച്ചതിന് പിന്നാലെ മദ്യവില്പന ശാലകൾ തുറക്കാനുള്ള നടപടിയുമായി ഡൽഹി, കർണാടക, അസാം സർക്കാരുകൾ. ഡൽഹി ടൂറിസം വിഭാഗമായ ഡി.ടി.ടി.ഡി.സി പോലുള്ള വകുപ്പുകൾ നടത്തുന്ന എല്ലാ മദ്യശാലകളോടും തുറന്നുപ്രവർത്തിക്കാൻ സാധിക്കുന്ന ഒറ്റപ്പെട്ട മദ്യശാലകളെ കുറിച്ചുള്ള വിശാദാംശങ്ങൾ ഡൽഹി സർക്കാർ ചോദിച്ചിട്ടുണ്ട്. മേയ് നാലുമുതൽ ചില മദ്യശാലകൾ തുറന്നുപ്രവർത്തിക്കുമെന്ന് കർണാടകയും അറിയിച്ചിട്ടുണ്ട്. അസാമും ഗ്രീൻസോണുകളിൽ മദ്യവില്പനശാലകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്.
നിയന്ത്രണ മേഖലകളല്ലാത്ത പ്രദേശങ്ങളിലും, ഗ്രീൻ, ഓറഞ്ച് സോണുകളിലും ഒറ്റപ്പെട്ട മദ്യശാലകൾ തുറന്നുപ്രവർത്തിക്കാമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു.
തുറന്നു പ്രവർത്തിക്കുന്ന മദ്യശാലകളിൽ സാമൂഹിക അകലം പാലിക്കണമെന്നും ഡൽഹി സർക്കാർ അറിയിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഏറ്റവും പുതിയ മാർഗനിർദ്ദേശങ്ങളനുസരിച്ച് കുറഞ്ഞത് ആറടി സാമൂഹിക അകലം ഉറപ്പാക്കിയ ശേഷം മദ്യം, പാൻ, പുകയില എന്നിവയുടെ വില്പന അനുവദിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഒരു കടയിൽ അഞ്ചുപേരിൽ കൂടുതൽ ആളുകളെ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കർണാടകയിൽ രാവിലെ ഒമ്പതുമുതൽ രാത്രി ഏഴുവരെയായിരിക്കും മദ്യശാലകൾ തുറന്നുപ്രവർത്തിക്കുകയെന്ന് എക്‌സൈസ് മന്ത്രി എച്ച്.നാഗേഷ് പറഞ്ഞു.