ലാറ @ 51
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറ 51-ാം വയസിലേക്ക് കടന്നു.പഴയ പ്രതാപത്തിൽ നിന്ന് കൂപ്പുകുത്താൻ തുടങ്ങിയിരുന്ന വിൻഡീസ് ടീമിനെ ഒരു പതിറ്റാണ്ടോളം ഒറ്റയ്ക്ക് ചുമലിലേറ്റിയിരുന്നത് ലാറയാണ്. ടെസ്റ്റ് ക്രിക്കറ്റിലെയും ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിലെയും ഏറ്റവും ഉയർന്ന സ്കോറുകളുടെ റെക്കാഡ് ഇപ്പോഴും ഇൗ ഇടംകയ്യൻ ബാറ്റ്സ്മാന്റെ പേരിലാണ്. അടുത്തിടെ റോഡ് സേഫ്റ്റി സിരീസിൽ സച്ചിൻ ടെൻഡുൽക്കർക്കൊപ്പം ലാറയും കളിച്ചിരുന്നു.
വിൻഡീസിനുവേണ്ടി 131ടെസ്റ്റുകളും 299 ഏകദിനങ്ങളും കളിച്ചിട്ടുളള ലാറ ടെസ്റ്റിൽ 11953 റൺസും ഏകദിനത്തിൽ 10405 റൺസും നേടിയിട്ടുണ്ട്. 53 അന്താരാഷ്ട്ര സെഞ്ച്വറികൾക്ക് ഉടമയാണ്.
2004ൽ ഇംഗ്ളണ്ടിനെതിരായ ആന്റ്വിഗ്വ ടെസ്റ്റിൽ പുറത്താകാതെ നേടിയ 400 റൺസ് ഇന്നും ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോറായി നിലനിൽക്കുന്നു
1994ൽ ഇംഗ്ളീഷ് കൗണ്ടി ക്രിക്കറ്റിൽ ഡർഹാമിനെതിരെ വാർവിക്ക് ഷെയറിന് വേണ്ടി പുറത്താകാതെ നേടിയ 501 റൺസാണ് ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ.
ടെസ്റ്റിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ റെക്കാഡും ലാറയുടെ പേരിലാണ്.2003ൽ ദക്ഷിണാഫ്രിക്കയുടെ റോബിൻ പീറ്റേഴ്സണിനെതിരെ ഒരോവറിൽ നേടിയത് 28 റൺസാണ്.
എന്നെപ്പോലെ ഇടവക്കൂറുകാരനായ പ്രിയപ്പെട്ട കൂട്ടുകാരന് ജന്മദിനാശംസകൾ. അടുത്തിടെ വീണ്ടും ഒരുമിച്ച് കളിക്കാനായത് വലിയ സന്തോഷം നൽകി. എത്രയും പെട്ടെന്ന് വീണ്ടും കാണാൻ ഭാഗ്യമുണ്ടാകട്ടെ.
- സച്ചിൻ ടെൻഡുൽക്കർ
ബെക്കാം @45
ഇംഗ്ളീഷ് ഫുട്ബാൾ ഇതിഹാസം ഡേവിഡ് ബെക്കാം ഇന്നലെ 45-ാം പിറന്നാൾ ആഘോഷിച്ചു.ഇംഗ്ളണ്ടിലെ ഒരു സാധാരണ പ്ളംബിംഗ് ജോലിക്കാരന്റെ മകനായി ജനിച്ച് അസാധാരണ മികവുകൊണ്ട് ലോകഫുട്ബാളിന്റെ നെറുകയിലെത്തിയ മാന്ത്രിക ഫ്രീകിക്കുകളുടെ രാജാവാണ് ബെക്കാം. ആറാം വയസിൽ പന്തുതട്ടിത്തുടങ്ങുമ്പോൾ ബെക്കാമിന്റെ ഏറ്റവും വലിയ സ്വപ്നം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചെങ്കുപ്പായമണിയുക എന്നതായിരുന്നു. ഇംഗ്ളണ്ടിന്റെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും റയൽമാഡ്രിഡിന്റെയുമൊക്കെ കുപ്പായമണിഞ്ഞ ബെക്കാം 2013 ലാണ് പ്രൊഫഷണൽ കരിയർ അവസാനിപ്പിച്ചത്.
1992ൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീനിയർ ടീമിൽ അരങ്ങേറിയ ബെക്കാം പതിനാെന്ന് വർഷം അവിടെ രാജാവായി വിഹരിച്ചു. സർ അലക്സ് ഫെർഗൂസന് കീഴിൽ കിരീടങ്ങൾ വാരിക്കൂട്ടിയ ബെക്കാം 265 മത്സരങ്ങളിൽ മാഞ്ചസ്റ്ററിന്റെ കുപ്പായമണിഞ്ഞു. 62 ഗോളുകളും നേടി.
2003 മുതൽ 2007വരെ റയൽമാഡ്രിഡ് ടീമിൽ .116 മത്സരങ്ങൾ, 13 ഗോളുകൾ.
2007ൽ അമേരിക്കൻ മേജർ സോക്കർ ലീഗ് ക്ളബ് ലൊസാഞ്ചലസ് ഗാലക്സിയിലേക്ക് കൂടുമാറി.
2009ലും 10ലും ലോൺ വ്യവസ്ഥയിൽ ഇറ്റാലിയൻ ക്ളബ് എ.സി മിലാനിലേക്ക് എത്തി. 2013ൽ ലോൺ വ്യവസ്ഥയിൽ പാരീസ് എസ്.ജിയിലും കളിച്ചു.
1996മുതൽ 2009വരെ ഇംഗ്ളീഷ് ദേശീയ ടീമിൽ കളിച്ചു.ആറ് വർഷം ക്യാപ്ടനായിരുന്നു.
ബെൻഡ് ഇറ്റ് ലൈക്ക് ബെക്കാം
ബെക്കാമിന്റെ മാരിവിൽ ഫ്രീകിക്കുകളാണ് ഗുരീന്ദർ ഛദ്ദ സംവിധാനം ചെയ്ത ബെൻഡ് ഇറ്റ് ലൈക്ക് ബെക്കാം എന്നബ്രിട്ടീഷ് സിനിമയ്ക്ക് പ്രചോദനമായത്.