തിരുവനന്തപുരം: കൊവിഡ് പ്രതിരോധ മാർഗമായുള്ള ലോക്ക്ഡൗൺ മൂലം ഇതരസംസ്ഥാനങ്ങളിൽ തന്നെ കഴിയേണ്ടി വരുന്ന മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. അന്യസംസ്ഥാനങ്ങളിലുള്ള 1,30,000 പേരാണ് കേരളത്തിലേക്ക് മടങ്ങിവരാൻ നോർക്ക വഴി രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും മുന്‍ഗണനാ ലിസ്റ്റില്‍ പെട്ടവര്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുമതി നല്‍കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുൻഗണനാ പട്ടികയിൽ വിദ്യാര്‍ത്ഥികള്‍, പ്രത്യേകിച്ച് അവധിക്കാല ക്യാമ്പുകള്‍ക്കും മറ്റുമായി പോയവർ, കേരളത്തില്‍ സ്ഥിരതാമസക്കാരായ മുതിര്‍ന്ന പൗരന്മാർ, ഗര്‍ഭിണികള്‍, മറ്റ് ആരോഗ്യ ആവശ്യങ്ങളുള്ളവര്‍ എന്നിവരാണ് ഉൾപ്പെടുക. ഇവരുടെ യാത്ര സംബന്ധിച്ച വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ നോര്‍ക്കയിലെ പോര്‍ട്ടലില്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും സംസ്ഥാന അതിർത്തിയിൽ ഇവർ എത്തേണ്ടത് എപ്പോഴാണെന്ന കാര്യം വഴിയേ അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതിര്‍ത്തിയില്‍ എത്തുന്നവരെ ആരോഗ്യപരിശോധനയ്ക്ക് വിധേയരാക്കും. രോഗലക്ഷണമുള്ളവരാണെങ്കില്‍ സര്‍ക്കാര്‍ ഒരുക്കിയ ക്വാറന്റൈനിലേക്ക് മാറ്റും. ആരോഗ്യപ്രശ്നമില്ലാത്തവര്‍ക്ക് നേരെ വീട്ടിലേക്ക് പോകാം. ഇവർ 14 ദിവസം വീട്ടില്‍ ക്വാറന്റീനിൽ കഴിയണം. ക്വാറന്റീൻ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുന്നുവെന്ന് പൊലീസ് ഉറപ്പുവരുത്തും. മുഖ്യമന്ത്രി കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലൂടെ പറഞ്ഞു.