train-service-

തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് രണ്ടാമത്തെ ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലേക്ക് 1125 പേരാണ് യാത്രതിരിച്ചത്.

ഇവരെ അതത് ക്യാമ്പുകളിൽ നിന്ന് പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് രാവിലെ തന്നെ ബസുകളിൽ സ്ക്രീനിംഗ് കേന്ദ്രങ്ങളിലെത്തിച്ചു. തുടർന്ന് ആരോഗ്യനിലയും തിരിച്ചറിയൽ രേഖകളും പരിശോധിച്ച ശേഷം അതേ ബസുകളിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ചു. റെയിൽവേ സ്റ്റേഷനിലും ആരോഗ്യ പരിശോധന നടത്തി. ഭക്ഷണവും മാസ്‌കും സാനിറ്റൈസറും അടക്കം സുരക്ഷ സംവിധാനങ്ങളും ഒരുക്കിയിരുന്നു.

സാമൂഹിക അകലം പാലിച്ച്‌ ഓരോ ബോഗിയിലും അറുപതുപേരെ മാത്രമെ അനുവദിക്കൂ. പ്രത്യേക സുരക്ഷയ്ക്ക് പന്ത്രണ്ട് ആർ.പി.എഫ് ഉദ്യോഗസ്ഥരുമുണ്ട്. എറണാകുളം, ആലുവ, തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നായി നാല് ട്രെയിനുകളും ഇന്ന് അന്യസംസ്ഥാന തൊഴിലാളികളുമായി യാത്രതിരിക്കും. കോഴിക്കോട് നിന്ന് 1128 തൊഴിലാളികളുമായി രാത്രിയോടെ ധൻബാദിലേക്ക് ട്രെയിൻ പുറപ്പെടും.

മലപ്പുറം തിരൂരിൽ നിന്നും ആലുവയിൽ നിന്നും ബീഹാറിലെ പാട്‌നയിലേക്ക് ട്രെയിൻ പോകും. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഭുവനേശ്വറിലേക്കും രാത്രിയോടെ ട്രെയിനുണ്ട്. മറ്റിടങ്ങളിലേക്കും വരുംദിവസങ്ങളിൽ ട്രെയിനുകളുണ്ടാകും.