yogi

ലക്‌നൗ: സംസ്ഥാനത്തെ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍ക്ക് മുസ്ലിം പള്ളികളുടെ പേര് നല്‍കി ഉത്തര്‍പ്രദേശ് സര്‍ക്കാർ. ലക്‌നൗവിലെ 18 ഹോട്ട്‌സ്‌പോട്ടുകളില്‍ എട്ടെണ്ണത്തിനാണ് മുസ്ലീം പള്ളികളുടെ പേര് നല്‍കിയിരിക്കുന്നത്. അതേസമയം പോസിറ്റീവ് കേസുകളുള്ള മേഖലകളായത് കൊണ്ടാണ് പള്ളികളുടെ പേര് നല്‍കിയതെന്നും ഇതില്‍ വര്‍ഗീയതയുടെ പ്രശ്നമില്ലെന്നുമാണ് അധികൃതർ ഈ പ്രവൃത്തിയെ ന്യായീകരിക്കുന്നത്.

ലക്‌നൗവില്‍ നിലവിൽ 214 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ മാത്രം എട്ട് പുതിയ കേസുകള്‍ വന്നു. ലക്‌നൗവിലെ സദര്‍ ബസാറിലുള്ള ഹോട്ട്‌സ്‌പോട്ട് മേഖലകള്‍ മസ്ജിദ് അലി ജാനും സമീപപ്രദേശങ്ങളും എന്നാണ് അറിയപ്പെടുന്നത്. മുഹമ്മദീയ മസ്ജിദ്, കജൂര്‍വാലി മസ്ജിദ് എന്നിങ്ങനെയാണ് കൊവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.

തബ്ലീഗ് ജമാത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരാണ് സംസ്ഥാനത്ത് കോവിഡ് വ്യാപിപ്പിച്ചത് എന്ന പ്രചാരണമാണ് യോഗി സര്‍ക്കാര്‍ നല്‍കുന്നത് എന്ന പരാതിയും വ്യാപകമായി ഉയർന്നിട്ടുണ്ട്. കൊവിഡ് രോഗികളെ മതാടിസ്ഥാനത്തില്‍ തരംതിരിക്കരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശത്തെ അവഗണിക്കുന്നതാണ് യോഗി സര്‍ക്കാരിന്റെ സമീപനമെന്നും ആരോപണമുണ്ട്.