ബീജിംഗ്: കൊവിഡ് വൈറസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചൈന മറ്റുരാജ്യങ്ങളിൽ നിന്ന് മറച്ചുവച്ചെന്ന് റിപ്പോർട്ട്. സാർസ് കോവ് -2 വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നതിനെക്കുറിച്ച് ചൈന ലോകരാജ്യങ്ങളെ അറിയിച്ചില്ലെന്ന് അഞ്ച് രാജ്യങ്ങളുടെ ഇന്റലിജൻസ് സഖ്യമായ ഫൈവ് ഐസിന്റെ റിപ്പോർട്ടിൽ പറയുന്നു. അമേരിക്ക, ബ്രിട്ടൻ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലെ ചാരസംഘടനകളുടെ സംയുക്ത സംരംഭമാണ് 'ഫൈവ് ഐസ്'. ഇവരുടെ രേഖകൾ ചോർന്നതിൽ നിന്നാണ് ഇക്കാര്യങ്ങൾ പുറത്തുവന്നത്. വാക്‌സിൻ നിർമ്മാണത്തിൽ മറ്റു രാജ്യങ്ങളെ സഹായിക്കാൻ ചൈന തയ്യാറായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വൈറസിന്റെ ആദ്യഘട്ടത്തെക്കുറിച്ചുള്ള വിവരങ്ങൾ ചൈന മറച്ചുവച്ചതാണ് ലോകമാകെ രോഗവ്യാപനത്തിനു കാരണമായതെന്ന ആരോപണം ശരിവയ്ക്കുന്നതാണ് പുതിയ വെളിപ്പെടുത്തൽ. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് വൈറസ് പടരുന്ന കാര്യം അറിയില്ലെന്നാണ് ചൈന പറഞ്ഞത്.
വുഹാനിലെ വെറ്റ് മാര്‍ക്കറ്റിനു സമീപത്തുള്ള വുഹാൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നാണ് വൈറസ് പടർന്നതെന്നതിനു തെളിവു ലഭിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഓസ്‌ട്രേലിയൻ സാറ്റർഡെ ടെലഗ്രാഫാണ് രേഖകൾ പുറത്തുവിട്ടത്. വവ്വാലുകളുമായി ബന്ധപ്പെട്ട വൈറസുകളെക്കുറിച്ച് അപകടകരമായ പരീക്ഷണങ്ങളാണു ലാബിൽ നടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. വൈറസ് വ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങൾ ലോകരാജ്യങ്ങളിൽനിന്നു മറച്ചുവച്ച ചൈന, രോഗത്തെക്കുറിച്ചുള്ള എല്ലാ തെളിവുകളും രഹസ്യമായി നശിപ്പിക്കുകയായിരുന്നു. ലാബോറട്ടറി സാമ്പിളുകൾ നശിപ്പിച്ചു, വെറ്റ് മാർക്കറ്റ് അണുവിമുക്തമാക്കി വൈറസിന്റെ പ്രഭവകേന്ദ്രം കണ്ടെത്തുന്നതിന് തടസം സൃഷ്ടിച്ചു.
ലക്ഷണങ്ങളില്ലാത്ത വൈറസ് വാഹകരെക്കുറിച്ചുള്ള വിവരങ്ങൾ ചൈന രഹസ്യമാക്കി വയ്ക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്റർനെറ്റിൽ തിരയുന്നത് തടയാനായി ഡിസംബറിൽ തന്നെ സെർച്ച് എൻജിനുകൾക്ക് സെൻസറിംഗ് ഏർപ്പെടുത്തി.
ചൈന രോഗലക്ഷണങ്ങളിൽ ഇല്ലാത്തവരിൽ രോഗം കണ്ടെത്തിയ കാര്യങ്ങൾ മറച്ചുവെച്ചു. സാമ്പിൾ സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ അവർ തയ്യാറായില്ല. വാക്‌സിനിലൂടെ നേട്ടമുണ്ടാക്കാനാണ് അവർ ശ്രമിച്ചത്. ലോകാരോഗ്യ സംഘടനയും ചൈനയുടെ വാദങ്ങൾവിശ്വസിച്ചു. മനുഷ്യനിൽനിന്ന് മനുഷ്യരിലേക്ക് രോഗം പടരുന്നത് കണ്ടെത്തിയിട്ടില്ലെന്നായിരുന്നു ലോകാരോഗ്യ സംഘടനയും പറഞ്ഞത്. ഡിസംബറിൽ തന്നെ ഇക്കാര്യം ചൈനയ്ക്ക് അറിയായാമായിരുന്നു. ഇത് പടർന്ന് ഭീഷണിയാവുന്നത് വരെ ചൈന നോക്കിനിന്നു. ഒടുവിൽ ജനുവരി 20നാണ് അവർ വൈറസ് പടരുന്നതാണെന്ന വിവരം പുറത്തുവിട്ടതെന്നും ഇന്റലിജൻസ് റിപ്പോർട്ടിലുണ്ട്.