തിരുവനന്തപുരം : കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന്റെ നേട്ടങ്ങളെകുറിച്ച് തയ്യാറാക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ മാന്ത്രികശബ്‌ദത്തിലാണ് കൊവിഡ് പ്രതിരോധത്തിനായി പ്രയത്‌നിച്ചവർക്ക് നന്ദി രേഖപ്പെടുത്തിയുള്ള വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. കൊവിഡിനെതിരെയിുള്ള പോരാട്ടം വിജയം നേടണമെങ്കിൽ നാം ഓരോരുത്തരും സർക്കാർ നിർദ്ദേശങ്ങൾ അനുസരിക്കണമെന്ന് വിഡിയോയിൽ പറയുന്നു. ജനങ്ങൾ പുലർത്തേണ്ട ജാഗ്രതയെ കുറിച്ചും വിവരിക്കുന്നു. സുഷിൻ ശ്യാം ആണ് വീഡിയോയ്‌ക്ക് സംഗീതം നൽകിയിരിക്കുന്നത്.
“കേരളത്തിന്റെ ആരോഗ്യസംവിധാനം സുസജ്ജമാണ്. ഭയമല്ല അഭിമാനമാണ് തോന്നേണ്ടത്,” മമ്മൂട്ടി വീഡിയോയിൽ പറയുന്നു.
കൊറോണയുമായുള്ള യുദ്ധത്തിന്റെ ആദ്യ ഘട്ടത്തിൽ നമ്മൾ മേൽക്കൈ നേടുക തന്നെ ചെയ്തു. അതിനായി പ്രയത്നിച്ച ഓരോ യോദ്ധാവിനോടും കേരളം കടപ്പെട്ടിരിക്കുന്നു.
പക്ഷെ, നമുക്കിത് വിശ്രമിക്കാനുള്ള സമയമല്ല. ഇനിയുള്ള ദിവസങ്ങൾ പരമപ്രധാനമാണ്. നമ്മൾ ജാഗ്രത തുടരുക തന്നെ വേണം. ആദ്യഘട്ടത്തിൽ പൊരുതി നേടിയ നേട്ടങ്ങളുടെ തുടർച്ചയായിരിക്കണം നമ്മുടെയെല്ലാം ലക്ഷ്യം. നിയമപാലകർക്കും ആരോഗ്യ സംരക്ഷകർക്കും പ്രവർത്തനോർജ്ജം പകരലായിരിക്കണം ഒരോ പൗരന്റേയും കർത്തവ്യം. വ്യക്തിതാല്പര്യങ്ങൾ മാറ്റി വെച്ച്, സമൂഹനന്മക്കായി ഒരുമിച്ചു നിന്ന്, അതിജീവിക്കാം... ജയിക്കാം... ഈ മഹായുദ്ധം! എന്ന് വീഡിയോയിൽ മമ്മൂട്ടി ആഹ്വാനം ചെയ്യുന്നു.