ന്യൂഡൽഹി: രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ ജീവനക്കാരും കൊവിഡ് രോഗത്തിന്റെ ട്രാക്കിംഗിനായുള്ള 'ആരോഗ്യ സേതു' ആപ്പ് ഡൗൺലോഡ് ചെയ്യണമെന്ന നിർദേശവുമായി കേന്ദ്ര സർക്കാർ. ദേശീയ ചാനലായ എൻ.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. മെയ് നാല് മുതൽ ഈ ആപ്പ് നിർബന്ധമായും ജീവനക്കാരെല്ലാം ഡൗൺലോഡ് ചെയ്യേണ്ടതാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ജീവനക്കാർ ആപ്പ് ഡൗൺലോഡ് ചെയ്യാതിരുന്നാൽ അതിന്റെ ഉത്തരവാദിത്തം അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മേധാവിക്കായിരിക്കുമെന്നും കൊവിഡ് 19 കണ്ടെയിന്മെന്റ് സോണിൽ ഉള്ളവരും ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതാണ് കേന്ദ്രം അറിയിക്കുന്നു. എന്നാൽ വീടുകളിൽ ഇരുന്ന് ജോലി ചെയ്യുന്നവർ ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതില്ല.
അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ രാജ്യത്ത് 30 കോടി പേർ ആപ്പ് ഡൗൺലോഡ് ചെയ്യുമെന്നാണ് കേന്ദ്ര സർക്കാർ കണക്കുകൂട്ടുന്നത്. എന്നാൽ രാജ്യത്തെ ജനങ്ങളെ നിരീക്ഷിക്കാനുള്ള കേന്ദ്രത്തിന്റെ സംവിധാനമാണ് ആപ്പ് എന്നും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഒരു സ്വകാര്യ സ്ഥാപനമാണെന്നും പറഞ്ഞുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത് വന്നു.
ആപ്പ് മൂലം ഡാറ്റാ ചോർച്ചയും സ്വകാര്യതാ അവകാശങ്ങളുടെ ലംഘനവും ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും താൻ ആശങ്കപ്പെടുന്നതായും രാഹുൽ ഗാന്ധി പറഞ്ഞു. വിവരസാങ്കേതിക വിദ്യക്ക് നമ്മെ സുരക്ഷിതരാക്കാൻ കഴിയുമെങ്കിലും ജനങ്ങളുടെ ഭീതിയെ അവസരമാക്കികൊണ്ടും അവരുടെ അനുവാദമില്ലാതെയും അവരെ നിരീക്ഷിക്കാൻ പാടില്ലെന്നും രാഹുൽ ചൂണ്ടിക്കാണിച്ചു.