തിരുവനന്തപുരം ; അന്യസംസ്ഥാനങ്ങളിൽ നിന്ന് മലയാളികളെ കേരളത്തിലേക്ക് മടക്കികൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അന്യസംസ്ഥാന തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് അയയ്ക്കുന്നത് കേരളത്തിന്റെ നേട്ടമായി ചിത്രീകരിച്ച് മേനിനടിക്കുന്നത് അല്പത്തരമാണെന്നും കെ. സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. കേന്ദ്രത്തിന്റെ നേട്ടങ്ങൾ തങ്ങൾ ചെയ്തതാണെന്ന് പ്രഖ്യാപിച്ച് വാർത്താസമ്മേളനത്തിൽ വീമ്പുപറയുന്നത് എട്ടുകാലിമമ്മൂഞ്ഞിനെ പോലെയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി ദുരിതത്തിലായ ആയിരക്കണക്കിന് മലയാളികളുണ്ട്. അവരെല്ലാം സ്വന്തം നാട്ടിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നുണ്ട്. അവരെയെല്ലാം കേരളത്തിലേക്ക് ഉടൻ മടക്കി കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. അന്യസംസ്ഥാനങ്ങളിലുള്ള മലയാളികളെ കേരളത്തിലേക്ക് കൊണ്ടുവരാൻ യാതൊരു താല്പര്യവും കേരളസർക്കാരിനില്ലെന്നാണ് മനസിലാവുന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ അടിയന്തരമായി സ്വന്തം നാട്ടിലെത്തിക്കുന്നതിന് കേരളസർക്കാർ മുൻകൈയെടുക്കണം. അതിനായി അതത് സംസ്ഥാനങ്ങളുമായി സംസാരിച്ച് വ്യവസ്ഥയുണ്ടാക്കുകയാണ് വേണ്ടത്. മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളുടെ വ്യക്തമായ കണക്ക് സംസ്ഥാന സർക്കാരിന്റെ കൈയ്യിലില്ല. അതിന്റെയടിസ്ഥാനത്തിലാണിപ്പോൾ രജിസ്‌ട്രേഷൻ നടത്തിയിരിക്കുന്നത്. നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നവരെയെല്ലാം മടക്കികൊണ്ടുവരാൻ അടിയന്തര നടപടിക വേണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.
വിവിധ സംസ്ഥാനങ്ങളിലുള്ള തൊഴിലാളികളെ അവരവരുടെ നാടുകളിലെത്തിക്കുമെന്ന കേന്ദ്രസർക്കാരിന്റെ തീരുമാനപ്രകാരമാണ് കേരളത്തിലുള്ള അന്യസംസ്ഥാന തൊഴിലാളികളെയും അവരുടെ സംസ്ഥാനങ്ങളിലേക്ക് മടക്കിയയക്കുന്നത്. ഇത് കേരളത്തിന്റെ നേട്ടമായി ചിത്രീകരിച്ച് മേനിനടിക്കുന്നത് അല്പത്തരമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. കേരളം കത്തുനൽകിയിട്ടാണ് ട്രെയിന്‍ ഓടിയതെന്നാണ് കേരള സർക്കാരിന്റെ വാദം. കേന്ദ്രം ചെയ്തതെല്ലാം തങ്ങൾ ചെയ്തതാണെന്ന് പ്രഖ്യാപിച്ച് വാർത്താസമ്മേളനത്തിൽ വീമ്പുപറയുന്നത് എട്ടുകാലിമമ്മൂഞ്ഞിനെ പോലെയാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.