lock-down

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മലയാളികൾ കേരളത്തിലേക്ക് വരുന്നതു സംബന്ധിച്ച് സർക്കാർ മാർഗനിർദ്ദേശം പുറപ്പെടുവിച്ചു. നോർക്കറൂട്ട്സിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവരിൽ മുൻ​ഗണനാ പട്ടികയിൽ ഉൾപ്പെട്ടവർക്കാണ് ആദ്യഘട്ടത്തിൽ കേരളത്തിലേക്ക് പ്രവേശനാനുമതി നൽകുക. മടങ്ങിയെത്തുന്നതിനായി ഇതുവരെ 1.30,000 പേർ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വിദ്യാർത്ഥികൾ,​ പ്രത്യേകിച്ച് അവധിക്കാല ക്യാമ്പുകൾക്കും മറ്റുമായി പോയവർ, കേരളത്തിൽ സ്ഥിരതാമസക്കാരായ മുതിർന്ന പൗരന്മാർ,​ ഗർഭിണികൾ, മറ്റ് ആരോഗ്യ ആവശ്യങ്ങളുള്ളവർ മുതലായവർക്കാണ് ആദ്യഘട്ടത്തിൽ മുൻഗണന. ഇവരുടെ യാത്ര സംബന്ധിച്ച വിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ നോർക്കയുടെ പോർട്ടലിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.

അതിർത്തിയിൽ എത്തുന്നവരെ ആരോഗ്യപരിശോധനയ്ക്ക് വിധേയരാക്കും. രോഗലക്ഷണമുള്ളവരാണെങ്കിൽ സർക്കാർ ഒരുക്കിയ ക്വാറന്റൈനിലേക്ക് മാറ്റും. ആരോഗ്യപ്രശ്നമില്ലാത്തവർക്ക് നേരെ വീട്ടിലേക്ക് പോകാം.14 ദിവസം വീട്ടിൽ ക്വാറന്റൈനിൽ കഴിയണം. ക്വാറന്റൈൻ നിർദ്ദേശങ്ങൾ പൂർണമായും പാലിക്കുന്നു എന്ന് പൊലീസ് ഉറപ്പുവരുത്തും.

ഇത്തരം പ്രവർത്തനങ്ങൾക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാരുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കും. സമിതി യോഗം ചേര്‍ന്ന് പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും ആവശ്യമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യും. ആരോഗ്യ സംബന്ധമായ പരിശോധനയുടെയും മറ്റും ഉത്തരവാദിത്തം ആരോഗ്യവകുപ്പിനായിരിക്കും. സുരക്ഷ ഒരുക്കലും മാനദണ്ഡങ്ങൾ ലംഘിക്കില്ലെന്ന് ഉറപ്പുവരുത്തലും പൊലീസിന്റെ ചുമതലയായിരിക്കും