ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് പോരാളികൾക്ക് ആദരമർപ്പിക്കുന്നതിന്റെ ഭാഗമായുള്ള സേനയുടെ ഫ്ലൈപാസ്റ്റ് ഇന്ന്. കൊവിഡ് ആശുപത്രികൾക്കുമേൽ പൂക്കൾ വിതറാൻ ഹെലികോപ്റ്ററുകൾ പറക്കും. ദീപങ്ങൾ കൊണ്ട് അലങ്കരിച്ച് നാവിക സേന കപ്പലുകളും, ബാന്‍റ് സംഘങ്ങളുമായി കരസേനയും ചടങ്ങിന്‍റെ ഭാഗമാകും.
വായുസേനയുടെ ട്രാൻസ്പോര്‍ട്ട് വിമാനങ്ങളും മിഗ് 21, മിഗ് 27 യുദ്ധവിമാനങ്ങളും ഫ്ലൈപാസ്റ്റിൽ പങ്കെടുക്കും. രാവിലെ ഒമ്പതരയ്ക്ക് പൊലീസുകാര്‍ക്ക് ആദരമര്‍പ്പിച്ച് ഡൽഹിയിലെ പൊലീസ് സ്മാരകത്തിൽ സേനേമേധാവികൾ പുഷ്പചക്രം അര്‍പ്പിക്കുന്നതോടെയാണ് ഫ്ലൈപാസ്റ്റ് തുടങ്ങുന്നത്. ശ്രീനഗറിൽ നിന്ന് തിരുവനന്തപുരം വരെയും അസമിൽ നിന്ന് ഗുജറാത്തിലെ കച്ചുവരെയും വിമാനങ്ങൾ പറക്കും. ഫ്ലൈപാസ്റ്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. കൊവിഡ് പോരാട്ടത്തിന്‍റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകരെയും അവരുടെ കുടുംബാംഗങ്ങളെയും രാജ്യം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് മോദി പറഞ്ഞു.
രാജ്യത്തെ കൊവിഡ് പോരാളികൾക്ക് ആദരവ് അർപ്പിക്കുന്നതിന്റെ ഭാഗമായി മേയ് മൂന്നിന് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ മൂന്ന് സേനാവിഭാഗങ്ങളും പ്രത്യേകം പരിപാടികൾ നടത്തുമെന്ന് സൈനിക മേധാവി ബിപിൻ റാവത്ത് വെള്ളിയാഴ്ച അറിയിച്ചിരുന്നു.
#WATCH: Indian Navy conducts rehearsals off Mumbai coast ahead of its ceremony to honour the efforts of frontline workers in the fight against #COVID19. pic.twitter.com/ihxNSzOQti
— ANI (@ANI) May 2, 2020
'ലോകം മുഴുവന്‍ കൊവിഡിനെതിരെ പോരാടുകയാണ്. നമ്മുടെ രാജ്യത്തെയും കൊവിഡ് ബാധിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസുകാര്‍, ഹോംഗാര്‍ഡ്‌സ്, ഡെലിവറി ബോയ്‌സ്, മാദ്ധ്യമപ്രവര്‍ത്തകര്‍ എന്നിവരെയെല്ലാം അഭിനന്ദിക്കുന്നു. വളരെ ആസൂത്രിതമായി കാര്യങ്ങള്‍ ചെയ്യുന്നു. നമ്മള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ച് ഒരുമിച്ചു ജയിക്കും' എന്നായിരുന്നു ബിപിൻ റാവത്ത് വെള്ളിയാഴ്ച വാർത്ത സമ്മേളനത്തിൽ പറഞ്ഞത്.
അതേസമയം, ഇന്ത്യയിൽ 38,000 ത്തോളം പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 1,223 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടായിരത്തിൽ കൂടുതലാളുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. ഇന്നലെ മാത്രം അയിരത്തോളം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.