shashi-tharoor

തിരുവനന്തപുരം: കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന് കരുത്ത് പകരാൻ തെർമൽ ഒപ്‌റ്റിക്കൽ ഇമേജിങ് ക്യാമറ തലസ്ഥാനത്തെത്തി. സംസ്ഥാനത്തിന്റെ ആവശ്യം കണ്ടറിഞ്ഞ് ശശി തരൂർ എം.പി നടത്തിയ പരിശ്രമത്തിനൊടുവിലാണ് പനി പരിശോധനയ്ക്കുള്ള ആദ്യ കൃത്രിമ ഇന്റലിജൻസ് പവേർഡ് ഫെയ്സ് ഡിറ്റക്ഷൻ സാങ്കേതികവിദ്യയുള്ള തെർമൽ ആൻഡ് ഒപ്റ്റിക്കൽ ഇമേജിങ് ക്യാമറ കേരളത്തിന് കിട്ടിയത്.

ഏഷ്യയിൽ എവിടെയും ഉപകരണം കിട്ടാതായതോടെ ജർമനിയിൽ നിന്നാണ് തന്റെ സൗഹൃദവും എം.പി ഫണ്ടുമുപയോഗിച്ച് ശശി തരൂ‌ർ തെർമൽ ഒപ്‌റ്റിക്കൽ ഇമേജിങ് ക്യാമറ വാങ്ങിയത്. ജർമനിയിലെ ബോണിയിലുള്ള ടെട്രബിക് ഇ.കെ എന്ന കമ്പനിയുടെ ആംസ്റ്റർഡാമിലെ വെയർഹൗസിൽ ഒരുയൂണിറ്റ് ഉണ്ടെന്നറിഞ്ഞത്. തുടർന്ന് അവിടെ നിന്ന് 300 കിലോ മീറ്റർ റോഡുമാർഗം സഞ്ചരിച്ച് ബോണിലെത്തിച്ച ക്യാമറ തുടർന്ന് വിവിധ രാജ്യങ്ങൾ താണ്ടിയാണ് കേരളത്തിലെത്തിയത്.

5,60,986 രൂപയാണ് ഉപകരണത്തിന്റെ വിലയെങ്കിലും വിവിധ രാജ്യങ്ങൾ കടന്ന് ക്യാമറ കേരളത്തിലെത്തിയപ്പോൾ ചിലവ് ഏഴ് ലക്ഷം കടന്നു.ശനിയാഴ്ച കേരളത്തിലെത്തിയ ഉപകരണം ഉപയോഗിച്ച് ആദ്യം പരിശോധിച്ചത് തിരുവനന്തപുരത്ത് നിന്ന് ജാർഖണ്ഡിലേക്ക് പോകുന്ന അന്യ സംസ്ഥാന തൊഴിലാളികളെയാണ്.