അബുദാബി: കൊവിഡ് രോഗികളെ പരിശോധന നടത്തുന്നതുവഴി വ്രതമനുഷ്ഠിക്കുന്ന ഒരാളുടെ നോമ്പുമുറിയില്ലെന്ന് യു.എ.ഇ ഫത്വ കൗൺസിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. കൊവിഡ് രോഗലക്ഷണമുള്ളവർ നോമ്പ് പിടിക്കേണ്ടതില്ലെന്നും കൗൺസിൽ അറിയിച്ചിരുന്നു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടെയുള്ള കൊവിഡ് പോരാളികളുടെ റമദാൻ ദിനങ്ങൾ എങ്ങനെയാണെന്ന് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ് ചില ആരോഗ്യപ്രവർത്തകർ.
ഒമ്പത് മുതൽ 10 മണിക്കൂർ ആണ് ഡ്യൂട്ടി. ഈ സമയവും വ്രതം മുടക്കുന്നില്ലെന്ന് കൊവിഡ് 19 വാർഡ് ഇൻ ചാർജ് ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന റാഹില ഭട്ടി പറയുന്നു.'കൊവിഡ് 19 പോസിറ്റീവ് കേസുകൾ കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ നേരിടാൻ വേണ്ടിയാണ് ഞാൻ വ്രതമെടുക്കുന്നത്. വാസ്തവത്തിൽ, ചില സമയങ്ങളിൽ കൊവിഡ് രോഗികളിൽ നിന്ന് എനിക്ക് പ്രചോദനം ലഭിക്കുന്നു. നോമ്പു എടുക്കേണ്ടതില്ലെന്ന് പറഞ്ഞിട്ടും അവർ ഉപവസിക്കുന്നു.ഇത് രോഗത്തെ നേരിടാൻ സഹായിക്കുന്നുവെന്ന് അവർ പറയുന്നു '-ഭട്ടി പറഞ്ഞു.
മകൻ തനിക്കെഴിതിയ കത്ത് കൂടുതൽ ഊർജം നൽകുന്നുവെന്ന് ഡോക്ടർ കൂട്ടിച്ചേർത്തു. 'ഏറ്റവും നല്ല അമ്മ നിങ്ങളാണ്. അമ്മ വീട്ടിൽ തിരിച്ചെത്തുമ്പോൾ ശല്യപ്പെടുത്തുന്നതിൽ ഞാൻ ഖേദിക്കുന്നു. ഈ കാർഡ് നിങ്ങളോട് എന്റെ സ്‌നേഹം കാണിക്കുന്നതിനാണ്. നിങ്ങൾ എനിക്ക് ഭക്ഷണം പാകം ചെയ്യുന്നു. ഈ സമയത്ത് നിങ്ങൾ കഠിനാധ്വാനം ചെയ്യുന്നു, ഈ റമദാനിൽ അല്ലാഹു നിങ്ങളെ വളരെയധികം അനുഗ്രഹിക്കട്ടെ. കൊവിഡ് രോഗികളെ സഹായിച്ചതിന് നിങ്ങൾക്ക് വളരെയധികം പ്രതിഫലം ലഭിക്കുമെന്ന്ഞാൻ പ്രതീക്ഷിക്കുന്നു.നിങ്ങൾക്ക് കഴിയുന്നത്ര പിന്തുണ നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. സങ്കടപ്പെടുത്താതിരിക്കാൻ ശ്രമിക്കുക'.
'ചെറുപ്പം മുതലേ വ്രതം അനുഷ്ഠിക്കുന്നുണ്ട്. എന്നാൽ ഇത്തവണ ജോലിക്കിടെ ഇത് ബുദ്ധിമുട്ടാണ്,പക്ഷേ ഞാനത് കാര്യമാക്കുന്നില്ല, കാരണം ഈ ദുഷ്‌കരമായ സമയങ്ങളിൽ ആളുകളെ സേവിക്കാനുള്ള അവസരം എനിക്ക് ലഭിക്കുന്നു."മറ്റൊരു ആരോഗ്യ പ്രവർത്തകൻ പറയുന്നു. കൂടെയുള്ള സഹപ്രവർത്തകർ വ്രതം എടുക്കുന്ന തനിക്ക് എല്ലാവിധ പിന്തുണയും നൽകുന്നുണ്ടെന്ന് ഒരു ഡോക്ടർ വ്യക്തമാക്കി.