ഷാങ്ഹായി: ലോകം മുഴുവൻ ഭീതിയോടെ കാണുന്ന കൊവിഡ് പൊട്ടിപ്പുറപ്പെട്ടത് ചൈനയിൽ നിന്നാണ്. വെറസ് ചൈനീസ് വൈറോളജി ലാബിൽ നിന്നാണ് ഉണ്ടായതെന്നും, തന്റെ കൈവശം തെളിവുകളുണ്ടെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. കൂടാതെ നിരവധി രാജ്യങ്ങൾ ചൈനയ്ക്കെതിരെ അന്വേഷണം നടത്തണമെന്നും ആവശ്യപ്പട്ടിരുന്നു.
ഇപ്പോഴിതാ കൊവിഡ് വ്യാപനത്തിനെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ നൽകിയിട്ടും അമേരിക്ക അത് അവഗണിച്ചെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചൈന. ട്വിറ്ററിൽ ഫ്രാൻസിലെ ചൈനീസ് എംബസി പങ്കുവച്ച വീഡിയോയിലൂടെയാണ് വിമർശനം. രണ്ട് കാർട്ടൂൺ കഥാപാത്രങ്ങളിലൂടെയാണ് ചൈന തങ്ങളുടെ ഭാഗം ന്യായീകരിക്കുന്നത്. ലോകാരോഗ്യ സംഘടനയും വീഡിയോയിൽ പ്രതിപാദിച്ചിട്ടുണ്ട്.
വീഡിയോയിൽ പുതിയ വൈറസ് കണ്ടെത്തിയെന്ന് ചൈന പറയുമ്പോൾ, ഇത് ഒരു പനി മാത്രമാണെന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് അമേരിക്ക. ഒടുവിൽ കാര്യങ്ങൾ മാറിമറിയുകയും, യു.എസിന്റെ സ്ഥിതിഗതികൾ ഗുരുതരമാവുകയും ചെയ്യുന്നു. ഇതോടെ അമേരിക്ക ചൈനയേയും ലോകാരോഗ്യ സംഘടനയേയും കുറ്റപ്പെടുത്തുന്നു.
Once Upon a Virus... pic.twitter.com/FY0svfEKc6
— Ambassade de Chine en France (@AmbassadeChine) April 30, 2020