serum

പൂനെ: കൊവിഡ് വാക്‌സിൻ വികസിപ്പിക്കാൻ ലോകമെമ്പാടും ശ്രമങ്ങൾ നടക്കുമ്പോഴും ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത് ഇന്ത്യയിലെ ഒരു പ്രശസ്‌ത സ്ഥാപനത്തെയാണ് - പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ. ഇന്ത്യയിലെ ഏറ്റവും വലിയ ബയോ ടെക്നോളജി കമ്പനികളിലൊന്നായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിൻ നിർമ്മാണ സ്ഥാപനമാണ്. വർഷം 150 കോടി ഡോസ് വാക്സിൻ നിർമ്മിക്കാൻ ശേഷിയുണ്ട്. ഇത്രയും ശേഷിയുള്ള വാക്സിൻ പ്ലാന്റ് ലോകത്ത് എവിടെയുമില്ല.

കൊവിഡിനെതിരായ മൂന്ന് വാക്‌സിനുകളാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കാൻ പോകുന്നത്. ഓക്സ്‌ഫോഡ് യൂണിവേഴ്സിറ്റി,​ അമേരിക്കൻ ബയോടെക്ക് കമ്പനിയായ കോഡാജെനിക്സ് എന്നിവ വികസിപ്പിച്ചതാണ് രണ്ടെണ്ണം. മൂന്നാമത്തേത് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ തന്നെ നവീകരിച്ച ബി.സി.ജി വാക്സിനാണ്.

ലോകത്താകെ നൂറോളം സ്ഥാപനങ്ങളാണ് കൊവിഡ് വാകിസിൻ എത്രയും വേഗം നിർമ്മിക്കാൻ ശ്രമിക്കുന്നത്. സാധാരണഗതിയിൽ വർഷങ്ങളെടുത്താണ് ഒരു വാക്സിൻ വികസിപ്പിക്കുന്നത്. ആദ്യം മൃഗങ്ങളിലും പിന്നെ മനുഷ്യരിലും. ക്ലിനിക്കൽ പരീക്ഷണത്തിന് പിന്നെയും സമയം എടുക്കും. എന്നാൽ കൊവിഡ് ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കി പടർന്നുകൊണ്ടിരിക്കുമ്പോൾ വാക്‌സിൻ മാത്രമല്ല,​ ചികിത്സിക്കാൻ മരുന്നും എത്രയും വേഗം കണ്ടെത്തേണ്ട അടിയന്തര സാഹചര്യമാണുള്ളത്. അതുകൊണ്ടു തന്നെ പതിന്മടങ്ങ് വേഗതയിലാണ് വാക്സിൻ വികസിപ്പിച്ചെടുക്കാൻ ശ്രമങ്ങൾ നടക്കുന്നത്.

കൊറോണ വൈറസിന്റെ മുൻ വകഭേദങ്ങളായ സാർസ് (SARS) മെർസ് (MERS)​ എന്നിവ ഉൾപ്പെടെ പല വൈറസുകളും വാക്സിൻ പരീക്ഷണങ്ങൾ പൂർണമാകും മുമ്പുതന്നെ സ്വയം പിൻവാങ്ങിയിരുന്നു. അതുകാരണം പല വാക്സിൻ പരീക്ഷണങ്ങളും പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ വിവിധ ഗവൺമെന്റുകൾ ശാസ്‌ത്രജ്ഞർക്ക് പരീക്ഷണത്തിനുള്ള അവസരം നൽകുകയാണ്. ദ്രുതഗതിയിൽ വികസിപ്പിച്ച പല വാക്സിനുകളും മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്.

ലോകജനസംഖ്യ 780 കോടിയിൽപ്പരമാണ്. വാക്സിനേഷനിലൂടെ ഒരു രോഗത്തെ ഫലപ്രദമായി ചെറുക്കണമെങ്കിൽ മൊത്തം ജനസംഖ്യയുടെ 60 ശതമാനത്തിനെങ്കിലും പ്രതിരോധശേഷി കൈവരണം. അതായത് 468 കോടിയോളം ജനങ്ങൾക്ക് വാക്‌സിൻ നൽകേണ്ടി വരും.ഇവിടെയാണ് ഇന്ത്യയുടെ അവസരം. പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് വർഷം 150 കോടി ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. ഇന്ത്യയിൽ ഉത്പാദനച്ചെലവും വളരെ കുറവാണ്. ഒരു ഡോസ് വാക്‌സിന് 40 പൈസ മാത്രം. ഉത്പാദനച്ചെലവ് കുറവായതിനാൽ കുറഞ്ഞ വിലയ്ക്ക് വാക്സിൻ വിൽക്കാനും കഴിയും. ഒരു ഡോസിന് 1000 രൂപ നിരക്കിൽ വിൽക്കാനാണ് ആലോചനയെന്ന് സി. ഇ. ഒ അഡാർ പൂനാവാല വ്യക്തമാക്കിയിട്ടുണ്ട്.

2.

കൊവിഡ് വാക്സിൻ

പരീക്ഷണങ്ങൾ

ഓക്സ്‌ഫോ‌‌ഡ് യൂണിവേഴ്‌സിറ്റിയുടെ Ch Ad Ox1 nCov- 19 എന്ന വാക്‌സിൻ 1112 വോളന്റിയർമാരിൽ പരീക്ഷിക്കുന്നു. ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണം വിജയിച്ചാൽ രണ്ടും മൂന്നും ഘട്ടങ്ങൾ ഒന്നിച്ച് നടത്തിയേക്കും. വരുന്ന സെപ്റ്റംബറിൽ വാക്സിൻ പ്രയോഗക്ഷമമായേക്കും. എങ്കിൽ ചരിത്രത്തിൽ ഏറ്റവും വേഗം വികസിപ്പിക്കുന്ന വാക്സിൻ ഇതായിരിക്കും.

രണ്ടും മൂന്നും ഘട്ടങ്ങൾ ഒരുമിപ്പിച്ചാൽ ഫലമറിയാൻ കാക്കാതെ ജൂൺ അവസാനം വാക്സിൻ ഉത്പാദനം തുടങ്ങുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ എക്‌സിക്യുട്ടീവ് ഡയറക്ട‌ർ സുരേഷ് ജാദവ് പറഞ്ഞു. വാക്‌സിൻ ഫലപ്രദമാകുമെന്ന ഓക്‌സ്‌ഫോഡ് ഗവേഷകരുടെ ശുഭപ്രതീക്ഷയുടെ അടിസ്ഥാനത്തിലാണ് വാക്സിൻ നിർമ്മിക്കുന്നത്. ഇക്കൊല്ലം തന്നെ ആറു കോടി ഡോസ് നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 ചൈന മൂന്ന് വാക്സിനുകൾക്ക് ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി നൽകി. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി,​ സിനോഫാം എന്നിവയും ചൈനീസ് പട്ടാളത്തിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മിലിട്ടറി മെഡിസിനും വികസിപ്പിച്ചതാണ് ഇവ.

 അമേരിക്ക എബോള വാക്‌സിനായ റെംഡെസിവിർ കൊവിഡ്‌ രോഗികളെ ചികിത്സിക്കാൻ ഉപയോഗിക്കുന്നതിന് അനുമതി നൽകി.

 അമേരിക്കൻ ബയോടെക്നോളജി കമ്പനിയായ മോഡേണ ജനിതക ഘടകമായ mRNA അടിസ്ഥാനമാക്കി കൊവിഡ് വാക്സിൻ വികസിപ്പിച്ചു. വ‌ർഷം നൂറു കോടി ഡോസ് നിർമ്മിക്കാൻ യു.എസ് കമ്പനിയായ ലോൺസയുമായി കരാറൊപ്പിട്ടു.

 യു. എസ് ഫാർമസ്യൂട്ടിക്കൽസ് കമ്പനികളായ സനോഫി,​ ജി.എസ്.കെ എന്നിവ സംയുക്തമായി വാക്സിൻ വികസിപ്പിക്കുന്നു

 ആസ്‌ട്രേലിയയിൽ രണ്ട് വാക്സിനുകളുടെ ക്ലിനിക്കൽ ട്രയൽ നടക്കുന്നു.

3.

സിറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ

@ആസ്ഥാനം പൂനെ

@സ്ഥാപിച്ചത് 1966 ൽ

@സ്ഥാപകൻ സൈറസ് എസ്. പൂനാവാല

@വാർഷിക വരുമാനം 5,000 കോടി രൂപ

@ലോകത്തെ ഏറ്റവും വലിയ വാക്‌സിൻ നിർമ്മാണ സ്ഥാപനം
@ ഇവിടത്തെ വാക്സിനുകൾ 170ലേറെ രാജ്യങ്ങളിൽ ഉപയോഗിക്കുന്നു

@മൂക്കിൽ ഒഴിക്കുന്ന പന്നിപ്പനി വാക്‌സിൻ വികസിപ്പിക്കുന്നു

@ പേവിഷത്തിരെ റാബി ഷീൽഡ് എന്ന മരുന്ന് വികസിപ്പിച്ചു

നിലവിൽ നിർമ്മിക്കുന്ന വാക്‌സിനുകൾ

അഞ്ചാം പനി,​ മുണ്ടിനീര്,​ റൂബെല്ല,​ ഹെപ്പറ്റൈറ്റിസ്,​ കുട്ടികൾക്കുള്ള ഡി - ടി - പി ( ഡിഫ്‌ത്തീരിയ,​ ടെറ്റനസ്,​ വില്ലൻ ചുമ (പെർടുസിസ്)​