1. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 83 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 1301 ആയി ഉയര്‍ന്നു. ആകെ രോഗികളുടെ എണ്ണം 39,980 ആയി. 28,046 കേസുകളാണ് രാജ്യത്തുള്ളത്. അതേ സമയം 10,632 പേര്‍ രോഗവിമുക്തര്‍ ആയി. പുതുതായി രോഗബാധിതര്‍ ആയവരുടെ എണ്ണം 2,644 ആണ്. രാജ്യത്ത് ഇത്രയധികം പേര്‍ രോഗബാധിതര്‍ ആകുന്നത് ഇതാദ്യമാണ്. മഹാരാഷ്ട്രയാണ് കൊവിഡ് കേസുകളില്‍ രാജ്യത്ത് മുന്നില്‍. 12,296 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ 521 പേര്‍ മരണപ്പെട്ടു. 2,000 പേര്‍ രോഗമുക്തര്‍ ആയി. രണ്ടാമതുള്ള ഗുജറാത്തില്‍ 5,054 പേര്‍ക്കാണ് രോഗബാധ. ഇവിടെ 896 പേര്‍ രോഗമുക്തര്‍ ആയപ്പോള്‍ 262 മരിച്ചു. ഡല്‍ഹിയില്‍ 4,122 പേര്‍ക്കും രോഗം സ്ഥീരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഇവിടെ 1,256 പേര്‍ രോഗമുക്തര്‍ ആയപ്പോള്‍ 64 പേര്‍ മരിച്ചു.
2. മധ്യപ്രദേശ് 2,846 രാജസ്ഥാന്‍ 2,770 തമിഴ്നാട് 2,757 ഉത്തര്‍പ്രദേശ് 2,487 എന്നിങ്ങനെ ആണ് രോഗ ബാധിതരുടെ കണക്ക്. രോഗികള്‍ ആകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന ഉണ്ടാകമ്പോഴും 26.59 ശതമാനം പേര്‍ രോഗമുക്തര്‍ ആകുന്നുണ്ട് എന്നത് മാത്രമാണ് രാജ്യത്തിന് ആശ്വാസം ആകുന്നത്. ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടത്തിലേക്ക് രാജ്യം പോകുകയാണ്. നാളെ മുതല്‍ കൂടുതല്‍ ഇളവുകളോടെ ആണ് ലോക്ക്ഡൗണ്‍ തുടരുക. രാജ്യത്തെ പ്രധാനമായും മൂന്ന് സോണുകള്‍ ആയാണ് തിരിച്ച് ഇരിക്കുന്നത്. റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളായി രാജ്യത്തെ വേര്‍തിരിച്ച്, റെഡ് സോണിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് തീരുമാനം.
3. കൊവിഡ് 19 ബാധിച്ച് വിദേശ രാജ്യങ്ങളില്‍ അഞ്ച് മലയാളികള്‍ കൂടി മരിച്ചു. കോട്ടയം സൗത്ത് പാമ്പാടി സ്വദേശി എട്ടു വയസുകാരന്‍ അദൈ്വത് ആണ് ന്യൂയോര്‍ക്കില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ന്യൂയോര്‍ക്കില്‍ നഴ്സുമാരായി ജോലി ചെയ്തിരുന്ന ദീപയുടെയും സുനീഷ് സുകുമാരന്റെയും മകനാണ് അദൈ്വത്. ദീപയ്ക്കും സുനീഷിനും ജോലി ചെയ്യുന്നതിനിടെ കൊവിഡ് ബാധിച്ചിരുന്നെങ്കിലും പിന്നീട് ചികിത്സിച്ച് ഭേദമായിരുന്നു. ഇവരില്‍ നിന്നാകാം കുട്ടിയ്ക്കും രോഗം പകര്‍ന്നതെന്നാണ് സൂചന.
4. കൊവിഡ് ബാധിച്ച് ഇന്നലെ രാത്രിയും ഇന്നുമായി മൂന്ന് വിദേശ മലയാളികള്‍ കൂടി മരിച്ചിരുന്നു. പത്തനംതിട്ട നെല്ലിക്കാല സ്വദേശി റോഷന്‍ കുട്ടി അബുദാബിയില്‍ വച്ച് മരിച്ചു. കൊല്ലം കുണ്ടറ സ്വദേശി ഗീവര്‍ഗീസ് പണിക്കര്‍ ആണ് അമേരിക്കയില്‍ മരിച്ചത്. ഫിലാഡല്‍ഫിയയില്‍ വച്ചായിരുന്നു മരണം. ചാവക്കാട് എടക്കഴിയൂര്‍ നാലാംകല്ല് സ്വദേശി മുഹമ്മദ് ഹനീഫയാണ് യു.എ.ഇയില്‍ മരിച്ചത്. 63 വയസ്സായിരുന്നു. റാസല്‍ഖൈയില്‍ വച്ചായിരുന്നു മരണം. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 39 ആയി
5. ലോകത്ത് കോവിഡ് മരണം രണ്ടര ലക്ഷത്തിലേക്ക് അടുക്കുന്നു. അമേരിക്കയില്‍ മാത്രം മരണം 65,000 കവിഞ്ഞു. സ്ഥിതിഗതികള്‍ രൂക്ഷമായ പശ്ചാത്തലത്തില്‍ ഫ്രാന്‍സ് രണ്ട് മാസത്തേക്ക് കൂടി ദേശീയ അടിയന്തരാവസ്ഥ നീട്ടി. അമേരിക്കയിലും സ്ഥിതി ഏറെ ഗുരുതരം തന്നെയാണ്. ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്നത് അമേരിക്കല്‍ ആണ്. 67,000 ത്തിലേറെ പേര്‍ ഇതിനകം മരിച്ചു. 1,500ലേറെ പുതിയ മരണമാണ് ഏറ്റവും ഒടുവിലെ കണക്ക്. കാല്‍ ലക്ഷത്തിലേറെ പുതിയ കോവിഡ് കേസുകളും അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍ ആണെന്ന് യു.എസ് ഡിസീസ് കണ്ട്രോള്‍ മേധാവി പറഞ്ഞു.
6. അമേരിക്കക്ക് തൊട്ടുപിന്നില്‍ ദുരന്തമുഖത്ത് നില്‍ക്കുന്നത് സ്‌പെയിന്‍ ആണ്. 2,500ലേറെ പുതിയ കേസുകളും 276 പുതിയ മരണവും അവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ആകെ മരണസംഖ്യ സ്‌പെയിനില്‍ 25,000 കവിഞ്ഞു. ഇറ്റലി, യുകെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല, ഫ്രാന്‍സില്‍ രണ്ട് മാസത്തേക്ക് കൂടി അടിയന്തരാവസ്ഥ ദീര്‍ഘിപ്പിച്ചു. കോവിഡ് വ്യാപ്തി കൂടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് റഷ്യയും എത്തുകയാണ്. 10,000 പുതിയ കേസുകള്‍ റഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം കോവിഡ് ചൈനയിലെ വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് വികസിപ്പിച്ച വൈറസ് ആണെന്ന ട്രംപിന്റെ വാദത്തിന് എതിരെ ലോകാരോഗ്യ സംഘടന രംഗത്തുവന്നു. കോവിഡ് പ്രകൃതിയില്‍ നിന്ന് ഉണ്ടായത് ആണെന്ന് ഡബ്ലൂ.എച്ച്.ഒയുടെ വിശദീകരണം.