കൊച്ചി: കൊവിഡും ലോക്ക്ഡൗണും മൂലം ഓഫീസുകൾ അടച്ചതോടെ, വേറെ വഴിയില്ലാത്തതിനാൽ ഒട്ടുമിക്ക ബിസിനസ് മേഖലകളും ജീവനക്കാരോട് നിർദേശിച്ചത് 'തത്കാലം വീട്ടിലിരുന്ന് പണി എടുക്കൂ" എന്നാണ്. ഇത്, ജീവനക്കാരെ കുഴിമടിയന്മാരാക്കും, ഉത്പാദനക്ഷമത (പ്രൊഡക്ടിവിറ്റി) കുറയും എന്നൊക്കെ കരുതിയെങ്കിലും മറിച്ചുള്ള 'ഫലം" കിട്ടിയതിന്റെ ആവേശത്തിലാണ് ഇപ്പോൾ കമ്പനികൾ; പ്രത്യേകിച്ച് ഐ.ടി സ്ഥാപനങ്ങൾ.
ഓഫീസിലിരുന്നുള്ളതിനേക്കാൾ ഉഷാറും ഉത്സാഹവും ജീവനക്കാർ കാണിക്കുന്നു. നല്ല റിസൾട്ട് കിട്ടുന്നു. ജീവനക്കാരും ഹാപ്പി; കമ്പനികൾ ഡബിൾ ഹാപ്പി. ഡബിൾ ഹാപ്പിയോ..?
അതെ. ഇരട്ടിമധുരമാണ് 'വർക്ക് ഫ്രം ഹോം" സൗകര്യം ഐ.ടി കമ്പനികൾക്ക് സമ്മാനിക്കുന്നത്. ജീവനക്കാർക്ക് പ്രശ്നമില്ല. ഉപഭോക്താക്കൾക്കും പ്രശ്നമില്ല. ഒട്ടുമിക്ക കമ്പനികളുടെയും പ്രവർത്തനം ഐ.ടി പാർക്കുകളിലും മറ്റും ഓഫീസ് സ്ഥലം വൻതുക വാടകയ്ക്ക് എടുത്താണ്. ഭൂരിഭാഗം ജീവനക്കാരുടെയും ഓഫീസിലെത്തി തിരിച്ചുപോകാനുള്ള ചെലവും കമ്പനികളാണ് വഹിക്കുന്നത്.
വീട്ടിലെ പണി സ്ഥിരമാക്കുമ്പോൾ ഈ ചെലവുകളെല്ലാം ലാഭിക്കാം. റോഡിലെ ട്രാഫിക്ക് കുറയും, ജീവനക്കാർ ചെലവ് കുറഞ്ഞ ഗ്രാമങ്ങളിലേക്ക് ചേക്കേറും എന്നൊക്കെയുള്ള വാദവും കമ്പനികൾക്കുണ്ട്! ഭാവിയിൽ ശമ്പളച്ചെലവും കുറയ്ക്കാം. പുതിയ നിയമനങ്ങൾക്കെല്ലാം ജോലി വീട്ടിൽ തന്നെയാകും. അതോടെ, കുറച്ച് ശമ്പളം കൊടുത്താൽ മതി!
വിപ്ളവത്തിന്
ടി.സി.എസ്
ഉർവശീശാപം ഉപകാരമായി എന്ന് പറഞ്ഞതുപോലെയാണ് ടി.സി.എസിന് ലോക്ക്ഡൗൺ! വീട്ടിലിരുന്നുള്ള ജോലി ജീവനക്കാർക്ക് കൂടുതൽ സുരക്ഷിതത്വവും നൽകുന്നുണ്ടെന്ന് വ്യക്തമാക്കിയ കമ്പനി, 2025ഓടെ 75 ശതമാനം ജീവനക്കാരെയും സ്ഥിരമായി ഈ സൗകര്യത്തിലേക്ക് മാറ്റാൻ ആലോചിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിലെ (ടി.സി.എസ്) 4.15 ലക്ഷം ജീവനക്കാർ നിലവിൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നു. 1,000ഓളം ഉപഭോക്തൃ കമ്പനികളുമായുള്ള ചർച്ചകൾക്ക് ശേഷമാണ് ഇവരെ വർക്ക് ഫ്രം ഹോമിന് നിർദേശിച്ചത്. എല്ലാ ഉപഭോക്താക്കളും സന്തുഷ്ടരാണെന്നും വർക്ക് ഫ്രം ഹോം തുടരാനാണ് തീരുമാനമെന്നും ടി.സി.എസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എൻ. ഗണപതി സുബ്രഹ്മണ്യം പറഞ്ഞു.
'സെക്യൂർ ബോർഡർലെസ് വർക്ക് സ്പേസസ്" (എസ്.പി.ഡബ്ള്യു.എസ്) എന്ന സംവിധാനം ഒരുക്കിയാണ് ജീവനക്കാരെ ടി.സി.എസ് വർക്ക് ഫ്രം ഹോമിന് അയച്ചതെന്ന് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ രാജേഷ് ഗോപിനാഥൻ പറഞ്ഞു.
എസ്.പി.ഡബ്ള്യു.എസ് സംവിധാനത്തിലൂടെ ടി.സി.എസ് ഇതിനകം 35,000 യോഗങ്ങൾ നടത്തി.
നാലു ലക്ഷത്തിലേറെ കാളുകൾ ചെയ്തു. മൂന്നരക്കോടിയോളം സന്ദേശങ്ങളും അയച്ചു.
46 രാജ്യങ്ങളിലായി 4.48 ലക്ഷം ജീവനക്കാർ ടി.സി.എസിനുണ്ട്. ഇവരിൽ 75 ശതമാനം പേരാണ് 2025ഓടെ വീട്ടിലിരുന്ന് സ്ഥിരമായി ജോലി ചെയ്യാൻ പോകുന്നത്.
''ലോക്ക്ഡൗൺ കഴിഞ്ഞാലും രാജ്യത്തെ ഐ.ടി സ്ഥാപനങ്ങളിലെ 20-30 ശതമാനം ജീവനക്കാരും വർക്ക് ഫ്രം ഹോം തുടരാനാണ് സാദ്ധ്യത. ഇത് ഏകദേശം 12 ലക്ഷം പേർ വരും. ഓഫീസ് എന്ന സംവിധാനം ഇനി വേണോ എന്നുപോലും ഒട്ടേറെ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്"",
ക്രിസ് ഗോപാലകൃഷ്ണൻ,
ഇൻഫോസിസ് സഹസ്ഥാപകൻ,
ആക്സിലർ വെഞ്ച്വേഴ്സ് ചെയർമാൻ.
4 കോടി
ഇന്ത്യയിലെ ഐ.ടി., ബി.പി.ഒ മേഖലകളിലായി ഏകദേശം നാലുകോടി പേർ ജോലി ചെയ്യുന്നുണ്ടെന്നാണ് ഐ.ടി. കമ്പനികളുടെ കൂട്ടായ്മയായ നാസ്കോമിന്റെ കണക്ക്.