ലണ്ടൻ: കൊവിഡ് കാലത്ത് ജനിച്ച ഒട്ടേറെ കുട്ടികൾക്ക് കൊവിഡ് എന്നും കൊറോണ എന്നും ലോക്ക്ഡൗൺ എന്നുമൊക്കെ പേരുകൾ നൽകിയവർ ധാരാളം. എന്നാൽ, താൻ കൊവിഡ് ബാധിതനായിരുന്നപ്പോൾ തന്നെ ചികിത്സിച്ച ഡോക്ടർമാരുടെ പേരുകൾ നൽകിയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആരോഗ്യപ്രവർത്തകരോടുള്ള തന്റെ നന്ദി അറിയിച്ചത്. സെന്റ് തോമസ് എൻ. എച്ച്. എസ് ആശുപത്രിയിലായിരുന്നു ബോറിസ് ജോൺസൺ രോഗബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്നത്.
പ്രധാനമന്ത്രിയും പ്രതിശ്രുത വധു കാരി സൈമണ്ട്സും ചേർന്ന് കുഞ്ഞിന് നൽകിയ പേര് വിൽഫ്രെഡ് ലോറി നികോളാസ് ജോൺസൺ എന്നാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് പ്രധാന മന്ത്രി ബോറിസ് ജോൺസന് ഒരു ആൺ കുഞ്ഞ് പിറന്നത്. ഡോ. നിക്ക് പ്രൈസ്, പ്രൊ.നിക്ക് ഹാർട്ട് എന്നീ ഡോക്ടർമാരുടെ പേരിൽ നിന്നാണ് നിക്കോളാസ് എന്ന പേര്‍ എടുത്തിരിക്കുന്നത്. ബോറിസ് ജോൺസന്റെ ഈ പ്രവർത്തി ഈ എല്ലാ ആരോഗ്യ പ്രവർത്തകരോടുമുള്ള ആദരസൂചകമായാണ് ലോകം വാഴ്ത്തുന്നത്. പേരിന്റെ മറ്റു ഭാഗങ്ങൾ പ്രധാനമന്ത്രിയുടെ മുത്തച്ഛന്റെയും കാരി സൈമണ്ട്സിന്റെ മുത്തച്ഛന്റെയും പേരുകളിൽ നിന്നാണ് എടുത്തിട്ടുള്ളത്.