ലണ്ടൻ: കൊവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ തൻ്റെ മരണം പ്രഖ്യാപിക്കാൻ ഡോക്ടർമാർ തയ്യാറെടുപ്പ് നടത്തിയിരുന്നെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ വെളിപ്പെടുത്തി. രോഗവിമുക്തനായ ശേഷം ആദ്യമായാണ് ജോൺസൻ തൻ്റെ രോഗബാധയെക്കുറിച്ച് സംസാരിക്കുന്നത്.
ദുഷ്‌കരമായ ഒരു കാലമായിരുന്നു അത് എന്നത് ഞാന്‍ നിഷേധിക്കില്ല. കാര്യങ്ങള്‍ തെറ്റായി സംഭവിച്ചാല്‍ എന്തുചെയ്യണമെന്നത് സംബന്ധിച്ച് എല്ലാ ക്രമീകരണങ്ങളും ഡോക്ടര്‍മാര്‍ നടത്തിയിരുന്നു. സ്റ്റാലിൻ മരണപ്പെട്ടതുപോലയുള്ള പരിതസ്ഥിതിയെ കൈകാര്യം ചെയ്യാനുള്ള തന്ത്രങ്ങൾ അവര്‍ അതിനോടകം ആവിഷ്‌കരിച്ചിരുന്നു. ആ സമയങ്ങളിൽ ഞാന്‍ നല്ല അവസ്ഥയിലായിരുന്നില്ല. ആകസ്മികമായ സന്ദര്‍ഭങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകൾ അവർ നടത്തിയിരുന്നു - ബോറിസ് പറഞ്ഞു.
ഞാൻ മരിക്കാൻ പോവുകയാണെന്ന തോന്നല്‍ ഒരിക്കലും എനിയ്ക്ക് ഉണ്ടായിരുന്നില്ല.
രോഗത്തെ ആദ്യം ഞാൻ ഗൗരവത്തില്‍ കണ്ടിരുന്നില്ല. സുഖം പ്രാപിക്കാത്തതിൻ്റെ അസ്വസ്ഥതകളിലായിരുന്നു ഞാൻ. എന്നാല്‍ ശ്വാസനാളത്തിലേക്ക് കൃത്രിമ ശ്വാസത്തിനായുള്ള കുഴലിറക്കി വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കാനായി ഡോക്ടർമാർ ഒരുങ്ങിയപ്പോഴാണ് യഥാർത്ഥ അവസ്ഥ മനസിലാക്കുന്നത്. ദിവസവും ലിറ്റർ കണക്കിന് ഓക്സിജനാണ് എനിയ്ക്ക് നൽകി കൊണ്ടിരുന്നത് -ബോറിസ് ജോണ്‍സണ്‍.
മാര്‍ച്ച് 27നാണ് ബോറിസിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. പക്ഷെ നേരിയ ലക്ഷണങ്ങളേ ആദ്യ ഘട്ടത്തിൽ പ്രകടിപ്പിച്ചിരുന്നുള്ളൂ. ഏപ്രിൽ അഞ്ചിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബോറിസിനെ പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.