ex-minister-son-viral-vid

ഭോപ്പാൽ: കൊവിഡ് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരോട് തട്ടിക്കയറിയ മകന് കിടിലൻ ശിക്ഷ നൽകി മുൻ മന്ത്രി. മദ്ധ്യപ്രദേശിലെ മുതിർന്ന ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ പ്രധ്മുൻ സിംഗ് തോമറിന്റെ മകൻ റിപ്പുദാമൻ ആണ് പോലീസുകാരോട് അപമര്യാദയായി പെരുമാറിയത്. തൊഴിലാളികളോടൊപ്പം റോഡരികിലുള്ള മാലിന്യം നീക്കം ചെയ്യിപ്പിച്ചാണ് പ്രധ്മുൻ സിംഗ് മകന് ശിക്ഷ നൽകിയത്.

മാസ്ക് വയ്‌ക്കാതെ ചുറ്റിനടന്നതിന് പിഴ അടയ്ക്കാൻ ആവശ്യപ്പെട്ട കോൺസ്റ്റബിളിനെ റിപ്പുദാമൻ ഭീഷണിപ്പെടുത്തുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ഇയാൾക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ഇതറിഞ്ഞ പ്രധ്മുൻ സിംഗ് മകനെ അതേ സ്ഥലത്തേക്ക് കൊണ്ടുപോയി 100 രൂപ പിഴ അടപ്പിച്ചു.

മകന്റെ പെരുമാറ്റത്തിന് പ്രധ്മുൻ സിംഗ് പൊലീസുകാരോട് മാപ്പ് ചോദിക്കുകയും ചെയ്തു. കൂടാതെ റിപ്പുദാമനെ ഒരു പാഠം പഠിപ്പിക്കുന്നതിന്, റോഡരികിലുള്ള മാലിന്യം വൃത്തിയാക്കാനും അദ്ദേഹം അവനോട് പറഞ്ഞു. അതേസമയം, മദ്ധ്യപ്രദേശിൽ 2719 പേർക്കാണ് കൊവിഡ് ബാധിച്ചത്. 145 പേർ മരിക്കുകയും, 524 പേർ സുഖം പ്രാപിക്കുകയും ചെയ്തു.