trump

വാഷിംഗ്ടൺ: മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതായുള്ള റിപ്പോർട്ടിനോട് പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കിം ആരോഗ്യത്തോടെ തിരികെ വന്നതിൽ സന്തോഷമുണ്ടെന്നായിരുന്നു ട്രംപിന്റെ ട്വിറ്ററിലൂടെയുള്ള പ്രതികരണം. കിമ്മിന്റെ ചിത്രങ്ങൾ സഹിതമായിരുന്നു ട്വീറ്റ്.

മേയ് ദിനത്തിൽ കിം തലസ്ഥാനമായ പ്യോങ്യാങ്ങിൽനിന്ന് 50 കിലോമീറ്ററകലെ സുൻജനിൽ ഫോസ്ഫാറ്റിക് ഫെർട്ടിലൈസർ ഫാക്ടറി നാടമുറിച്ച് ഉദ്ഘാടനം ചെയ്യുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് കിമ്മിന്റെ ആരോഗ്യസ്ഥിതി മോശമായതായും കിം മരണപ്പെട്ടതുമായുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടയിലാണ് ഉദ്ഘാടനചിത്രങ്ങൾ പുറത്തുവന്നത്. ഏപ്രിൽ 11ന് വർക്കേഴ്സ് പാർട്ടിയുടെ പരിപാടിയിലാണ് കിം അവസാനമായി പങ്കെടുത്തത്.

അതേസമയം,​ കഴിഞ്ഞ മൂന്നാഴ്ച കിം എവിടെയായിരുന്നുവെന്നതിന് ഔദ്യോഗിക വിശദീകരണങ്ങളില്ല. കൊവിഡ് പശ്ചാത്തലത്തിൽ സമ്പർക്കമൊഴിവാക്കാൻ വൊൻസാനിലെ ആഡംബര റിസോർട്ടിൽ കഴിയുകയായിരിക്കാമെന്നു ദക്ഷിണ കൊറിയ സംശയം പ്രകടിപ്പിച്ചിരുന്നു.