കഴിഞ്ഞമാസം ഇന്ത്യയിൽ വിറ്റഴിഞ്ഞ പുതിയ വാഹനങ്ങളുടെ എണ്ണമെത്രയെന്നോ..? പൂജ്യം! കൊവിഡും ലോക്ക്ഡൗണും മൂലം ഫാക്ടറികളും ഡീലർഷിപ്പുകളും അടച്ചതാണ് കാരണം. കാറുകൾ എന്നല്ല, ഒരു സ്കൂട്ടർ പോലും വിറ്രുപോയില്ല. ലോക്ക്ഡൗൺ ഇനിയെത്ര നാൾ നീളുമെന്ന് വ്യക്തമല്ല. ലോക്ക്ഡൗൺ കഴിഞ്ഞാലും വിപണി പൂർവ സ്ഥിതിയിലെത്താൻ കാലങ്ങളെടുക്കും.
ഡീലർഷിപ്പുകൾ തുറന്നാലും 'സോഷ്യൽ ഡിസ്റ്റൻസിംഗ്" പോലുള്ള നിയന്ത്രണങ്ങൾ തുടരും. ഇതെല്ലാം കണക്കിലെടുത്ത് ഓൺലൈൻ വില്പനയിലേക്ക് ചുവടുവയ്ക്കുകയാണ് വാഹന നിർമ്മാതാക്കൾ. പുതിയ കാറുകളും ഒപ്പം യൂസ്ഡ് കാറുകളും വിൽക്കാൻ പ്രമുഖ ജർമ്മൻ ആഡംബര ബ്രാൻഡായ മെഴ്സിഡെസ്-ബെൻസ് ആരംഭിച്ചത് 'മെർക് ഫ്രം ഹോം" എന്ന ഓൺലൈൻ പ്ളാറ്റ്ഫോമാണ്. ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ട കാർ വീട്ടിലിരുന്ന് ഓർഡർ ചെയ്യാം. കാർ, കമ്പനി വീട്ടിലെത്തിക്കും.
കാറിന്റെ വിലയും മികവുകളും വെറുതേ വ്യക്തമാക്കുന്ന വിദ്യയല്ലയിത്. കാറിന്റെ സമ്പൂർണ വിവരങ്ങൾ നേരിട്ട് കണ്ടു മനസിലാക്കാനാവുന്നത് പോലെയുള്ള പ്രത്യേക ഓൺലൈൻ സ്റ്റുഡിയോ സൗകര്യം ഇതിലുണ്ട്. സംശയങ്ങളും ചോദ്യങ്ങളും ഉന്നയിക്കാൻ ലൈവ് വീഡിയോ ചാറ്റുമുണ്ട്. ഓൺലൈനായി കാശടച്ച് കാർ ബുക്ക് ചെയ്യാം. സർവീസ് ബുക്കിംഗും ഓൺലൈനിൽ ചെയ്യാം.
മെഴ്സിഡെസിന്റെ എതിരാളികളും ജർമ്മൻ ബ്രാൻഡുമായ ബി.എം.ഡബ്ള്യുവും കഴിഞ്ഞമാസം ഓൺലൈൻ സംരംഭത്തിന് തുടക്കമിട്ടു. ഉപഭോക്താക്കൾക്ക് വാഹനങ്ങൾ കസ്റ്റമൈസ് ചെയ്യാനും ചോദ്യങ്ങൾ ചോദിക്കാനുമുള്ള സൗകര്യം വിർച്വൽ പ്ളാറ്റ്ഫോമിൽ കമ്പനി ഒരുക്കിയിട്ടുണ്ട്. വാഹനങ്ങളുടെ സമ്പൂർണ 360 ഡിഗ്രി കാഴ്ചയുണ്ട്. സർവീസ് പാക്കേജ്, ഫിനാൻസ് ഓപ്ഷനുകളും ലഭ്യമാണ്. യൂസ്ഡ് കാറുകളുടെ വില്പനയും ബി.എം.ഡബ്ള്യുവിന്റെ ഈ 'കോൺടാക്റ്റ്ലെസ് എക്സ്പീരിയൻസ്" സംരംഭത്തിലുണ്ട്.
ജാപ്പനീസ് കമ്പനിയായ ഹോണ്ടയുടെ ഡിജിറ്റൽ സംരംഭമാണ് 'ഹോണ്ട ഫ്രം ഹോം". ഹോണ്ടയുടെ വിശാലമായ ഉത്പന്ന നിരയെ അടുത്തറിയാനും ഡീലർഷിപ്പുകൾ തിരഞ്ഞെടുക്കാനും ഇതിലൂടെ കഴിയും. സമയപരിധിയില്ലാതെ ഏത് സമയത്തും ഇന്ത്യയിൽ നിന്ന് കാർ ബുക്ക് ചെയ്യാം. കാർ വാങ്ങാൻ തീരുമാനായാൽ, ഡീലർഷിപ്പ് പ്രതിനിധി ഉപഭോക്താവുമായി ബന്ധപ്പെട്ട് പേമെന്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കും. തുടർന്ന്, വാഹനം വീട്ടിലെത്തിക്കും.
വാഹന വിപണിയിൽ ഡിജിറ്റൽ വില്പന ഒരു ശീലമാകുന്നുവെന്ന് തിരിച്ചറിഞ്ഞ്, ഫോക്സ്വാഗൺ ഇന്ത്യയിലെ ഡീലർഷിപ്പുകൾ തമ്മിൽ ബന്ധിപ്പിച്ചൊരു കുടക്കീഴിലാക്കിയിട്ടുണ്ട്. ഷോറൂമുകൾ ബന്ധിപ്പിച്ച് 'ക്ളിക്ക് ടു ബൈ" സംരംഭമാണ് കൊറിയൻ ബ്രാൻഡായ ഹ്യുണ്ടായ് ഒരുക്കിയത്. ഹ്യുണ്ടായിയുടെ എല്ലാ മോഡലുകളും ഓൺലൈനിൽ ലഭിക്കും. 'ക്ളിക്ക് ടു ഡ്രൈവ്" എന്നാണ് ടാറ്റാ മോട്ടോഴ്സിന്റെ ഓൺലൈൻ സെയിൽസ് പ്ളാറ്ര്ഫോമിന്റെ പേര്. ടൊയോട്ട, എം.ജി മോട്ടോഴ്സ് തുടങ്ങിയ കമ്പനികളും സമാനരീതിയിൽ ഓൺലൈൻ സംരംഭം ഒരുക്കിക്കഴിഞ്ഞു.
''ഉപഭോക്താക്കളുമായുള്ള ഞങ്ങളുടെ ബന്ധത്തിന്റെ സുപ്രധാന വഴികളിലൊന്നായി ഡിജിറ്റൽ പ്ളാറ്റ്ഫോം മാറിക്കഴിഞ്ഞു. അതിന്റെ ഭാഗമാണ് മെർക് ഫ്രം ഹോം ഓൺലൈൻ പ്ളാറ്റ്ഫോം. ഉപഭോക്താക്കൾക്ക് പ്രയാസങ്ങളില്ലാതെ, ഏറ്റവും സൗകര്യപൂർവം ഇതുവഴി ഉത്പന്നം സ്വന്തമാക്കാം"
മാർട്ടിൻ ഷ്വെങ്ക്,
മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ,
മെഴ്സിഡെസ് - ബെൻസ് ഇന്ത്യ