hydroxychloroquine

ന്യൂഡൽഹി: ലോകം മുഴുവൻ കൊവിഡ് ഭീതിയിലാണ്. വൈറസിനെ തുരത്താൻ ഇതുവരെ ഫലപ്രദമായ വാക്സിൻ കണ്ടെത്താൻ സാധിക്കാത്തതാണ് ആശങ്കയുടെ പ്രധാന കാരണം. കൊവിഡ് ബാധിതർക്ക് മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ (എച്ച്സിക്യു) ചിലയിടങ്ങളിൽ നൽകി വരുന്നുണ്ട്. എന്നാൽ രോഗികളുടെ എണ്ണം കൂടിയതോടെ അമേരിക്ക ഉൾപ്പെടെയുള്ള സമ്പന്ന രാജ്യങ്ങളിൽപ്പോലും മരുന്നുകൾക്ക് ക്ഷാമം നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ 87 രാജ്യങ്ങളിലേക്ക് മരുന്നുകൾ കയറ്റുമതി ചെയ്തിരിക്കുകയാണ് ഇന്ത്യ.

87 രാജ്യങ്ങൾക്ക് വാണിജ്യാടിസ്ഥാനത്തിൽ 28 ലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ (എച്ച്സിക്യു) ഗുളികകൾ, 19 ലക്ഷം പാരസെറ്റമോൾ എന്നിവ ഇന്ത്യ നൽകിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യ ഇതിനോടകം 25 രാജ്യങ്ങൾക്ക് 28 ലക്ഷം എച്ച്സിക്യു ടാബ്‌ലെറ്റുകൾ സഹായമായി നൽകിയിട്ടുണ്ട്. ഏകദേശം 19 ലക്ഷം പാരസെറ്റമോൾ 31 രാജ്യങ്ങൾക്ക് നൽകിയിട്ടുണ്ടെന്ന് എംഇഎയുടെ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

20 ലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾ ബംഗ്ലാദേശിലേക്ക് അയച്ചു. നേപ്പാൾ 10 ലക്ഷം, ഭൂട്ടാൻ രണ്ട് ലക്ഷം, ശ്രീലങ്ക 10 ലക്ഷം, അഫ്ഗാനിസ്ഥാൻ 5 ലക്ഷം, മാലിദ്വീപ് രണ്ട് ലക്ഷം എന്നിങ്ങനെ പോകുന്നു കണക്കുകൾ. യു.എസ്.എ, സ്‌പെയിൻ, ജർമ്മനി, ബഹ്‌റൈൻ, ബ്രസീൽ, ഇസ്രായേൽ, നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, മാലിദ്വീപ്, ബംഗ്ലാദേശ് എന്നിവയുൾപ്പെടെ 13 രാജ്യങ്ങളെ ഹൈഡ്രോക്സിക്ലോറോക്വിൻ വിതരണം ചെയ്യുന്നതിനായി ഇന്ത്യ പട്ടികപ്പെടുത്തിയിരുന്നു.