covid

മോസ്‍കോ: ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,44,991 ആയി. 34 ലക്ഷത്തിലേറെ (34,99403) ആളുകൾക്കാണ് വിവിധ 212 രാജ്യങ്ങളിലായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരും മരണസംഖ്യയും. 11,60840 പേർക്കാണ് അമേരിക്കയിൽ രോഗം ബാധിച്ചത്. 674488 പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു. അതേസമയം,​ അമേരിക്കയിൽ രോഗവ്യാപനം കുറഞ്ഞ 12ഓളം സംസ്ഥാനങ്ങലിൽ ഇളവുകൾ വന്നിരുന്നു. സ്പെയിൻ, ഇറ്റലി, ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ തുടങ്ങിയ രാജ്യങ്ങളാണ് രോഗവ്യാപനത്തിന്റെ പട്ടികയിൽ ആദ്യസ്ഥാനത്ത്. ഇറ്റലിയിൽ 28,710 പേരും സ്പെയിനിൽ 25,100 പേരും മരിച്ചു.

അതേസമയം, റഷ്യയിൽ വൈറസ് അതിവേഗം വ്യാപിക്കുന്നതായാണ് റിപ്പോർട്ട്. ചൈനയ്ക്ക് ശേഷം യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും രോഗവ്യാപനം രൂക്ഷമായപ്പോൾ റഷ്യയിൽ വൈറസ് എത്തിയിരുന്നില്ല. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് റഷ്യയെ വൈറസിൽ നിന്ന് രക്ഷിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ പിന്നീട് റഷ്യയിൽ രോഗവ്യാപനം തുടങ്ങിയതോടെ അതിവേഗം പടരുകയായിരുന്നു.

റഷ്യയിൽ ഉന്നതരും കൊവിഡ് പിടിയിൽ

റഷ്യയിൽ കൊവിഡ് വൈറസ് ബാധ ഉന്നത രാഷ്ട്രീയ നേതാക്കളിലും ഉദ്യോഗസ്ഥരിലും വരെയെത്തി. പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്‍തിന് കഴിഞ്ഞ വ്യാഴാഴ്‍ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതായി പ്രസിഡന്റ് വ്ളാഡിമിർ പുടിനെ അറിയിച്ച മിഷുസ്‍തിൻ ചികിത്സയ്ക്കായി താത്കാലികമായി പ്രധാനമന്ത്രിയുടെ ചുമതല ഒഴിഞ്ഞു. പ്രഥമ ഉപ പ്രധാനമന്ത്രിയായ ആന്ദ്രെ ബെലോസാവാണ് നിലവിൽ പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുന്നത്. വെള്ളിയാഴ്‍ച കണ്‍സ്ട്രക്ഷൻ വകുപ്പ് മന്ത്രി വ്ളാഡിമിര്‍ യകുഷെവിനും കൊവിഡ് സ്ഥിരീകരിച്ചു. യകുഷെവിന്റെ സഹ മന്ത്രിയായ ദിമിത്രി വോൾകോവിന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.

ഇസ്രയേലിൽ സ്കൂളുകൾ തുറന്നു.

സ്പെയിനിൽ ഇന്നലെ മരിച്ചത് 164 പേർ. ഇതുവരെ റിപ്പോർട്ട് ചെയ്തതിലും വച്ച് ഏറ്റവും കുറഞ്ഞ മരണനിരക്ക്.

ഇറാനിൽ മുസ്ലിം പള്ളികൾ വൈകാതെ തുറക്കും.

ആറ് മുതൽ ദക്ഷിണ കൊറിയയിൽ സാമൂഹിക നിയന്ത്രണ നിയമങ്ങളിൽ ഇളവ്.

ഫിലിപ്പീൻസിൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് താത്ക്കാലിക നിരോധനം.

തായ്‌ലാൻഡിൽ കൊവിഡ് വ്യാപനത്തിന് നേരിയ ശമനം. നിയന്ത്രണങ്ങളിൽ ഇളവ്.

ചൈനയിൽ പുതിതായി രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തു. ബെയ്ജിംഗിലെ കൊട്ടാരം രണ്ടര മാസത്തിനുശേഷം തുറന്നു.

വീട്ടിലിരിക്കാൻ സർക്കാർ നിർദ്ദേശിച്ചതിനെതിരെ യു.സിലെ ഒറേഗണിൽ ജനങ്ങൾ പ്രതിഷേധിച്ചു.ടെക്സസ്, സൗത്ത് കാരലൈന അടക്കം പന്ത്രണ്ടിലേറെ സംസ്ഥാനങ്ങളിൽ റസ്റ്റോറൻ്റുകളും വ്യാപാര സ്ഥാപനങ്ങളും തുറന്നു. ന്യൂയോർക്ക്, ഇലിനോയി സംസ്ഥാനങ്ങളിൽ ഇളവില്ല. വാഷിംഗ്ടണിൽ 31 വരെ നിയന്ത്രണം.

സിംഗപ്പൂരിൽ 12 മുതൽ ഇളവുകൾ.

സൗദിയിൽ കൊവിഡ് ബാധിതരുടെ എണ്ണം കാൽ ലക്ഷം കടന്നു.പുതുതായി രോഗം സ്ഥിരീകരിച്ച 1362 പേരിൽ 91 ശതമാനവും വിദേശികൾ.