വാഷിംഗ്ടൺ: ലോക പ്രശസ്‌ത തിരക്കഥാകൃത്തും സംവിധായകനുമായ ജോൺ ജെ ലാഫിയയെ (63) ലോസ്ആഞ്ചലസിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തൊണ്ണൂറുകളിൽ കുട്ടികളെ ഭീതിയുടെ മുൾമുനയിൽ നിറുത്തിയ 'ചൈൽഡ്സ് പ്ലേ" എന്ന സിനിമയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളെന്ന നിലയിലാണ് ജോൺ ലോകപ്രശസ്തനായത്. സിനിമയിലെ പ്രധാന കഥാപാത്രമായ ചക്കി എന്ന പാവയ്ക്ക് പേരിട്ടതും ജോണായിരുന്നു. 'ഹായ് ആം ചക്കി. വാണ പ്ലേ?" എന്ന ചക്കിയുടെ കുപ്രസിദ്ധ ഡയലോഗിന്റെ സൃഷ്ടാവും അദ്ദേഹമായിരുന്നു.
പിന്നീട് 'ചൈൽഡ്സ് പ്ലേ 2" സംവിധാനം ചെയ്തു. ടെലിവിഷൻ സീരിസ് രംഗത്തും ജോൺ ശ്രദ്ധനേടി. ഫ്രഡ്ഡീസ് നൈറ്റ്‌മെയേഴ്സ്, ഡാർക്ക് ജസ്റ്റിസ്, ബാബിലോൺ 5, ഗോസ്റ്റ് സ്റ്റോറീസ്, ദ റാറ്റ്സ് തുടങ്ങി നിരവധി ടെലിവിഷൻ ചിത്രങ്ങളും സീരിസുകളും അദ്ദേഹം എഴുതുകയും, സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തു. സംഗീതജ്ഞൻ എന്ന നിലയിലും അദ്ദേഹം കഴിവ് തെളിയിച്ചിരുന്നു. വിവാഹമോചിതനാണ്. ടെസ്, കെയ്ൻ എന്നിവർ മക്കളാണ്.