kul

ന്യൂഡൽഹി: പാക് ജയിലിൽ കഴിയുന്ന ഇന്ത്യൻ നാവികസേനാ മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന്റെ മോചനത്തിനായി പാകിസ്ഥാനുമായി പിൻവാതിൽ ചർച്ച നടത്തിവരുകയാണെന്ന് സീനിയർ അഭിഭാഷകൻ ഹരീഷ് സാൽവെ വെളിപ്പെടുത്തി. കുൽഭൂഷണിനെതിരെ പാകിസ്ഥാന്റെ പക്കൽ വ്യക്തമായ തെളിവുകൾ ഇല്ലെന്നും അദ്ദേഹത്തെ മോചിപ്പിക്കുകയല്ലാതെ പാകിസ്ഥാന് വഴിയില്ലെന്നും കുൽഭൂഷൺ കേസിൽ ഇന്ത്യയ്ക്കു വേണ്ടി ഹേഗിലെ അന്താരാഷ്ട്ര കോടതിയിൽ ഹാജരായ ഹരീഷ് സാൽവെ പറഞ്ഞു.

കുൽഭൂഷണിന്റെ മോചനത്തിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പാകിസ്ഥാന് മേൽ ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്. പാക് സൈന്യത്തിന്റെ കസ്റ്റഡിയിൽ ആയിരിക്കെ കുൽഭൂഷൺ നൽകിയെന്ന് പറയപ്പെടുന്ന കുറ്റസമ്മത മൊഴിയല്ലാതെ മറ്റു തെളിവുകളൊന്നും പാകിസ്ഥാന്റെ പക്കൽ ഇല്ല.

കുൽഭൂഷണിന് നയതന്ത്ര സഹായം ലഭ്യമാക്കാൻ അന്താരാഷ്ട്ര കോടതി ഉത്തരവിട്ടതിനു പിന്നാലെ അദ്ദേഹത്തിനെതിരായ തെളിവുകളും പാക് പട്ടാളക്കോടതിയുടെ വിധിയുടെ പകർപ്പും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. കുൽഭൂഷണിന് പാക് കോടതി വിധിച്ച വധശിക്ഷ നടപ്പാക്കാനാകില്ലെന്നും ഹരീഷ് സാൽവെ പറഞ്ഞു.

കഴിഞ്ഞ വർഷം ജൂലായിൽ അന്താരാഷ്ട്ര കോടതി കുൽഭൂഷണിന്റെ വധശിക്ഷ സ്‌റ്റേ ചെയ്തിരുന്നു. കുൽഭൂഷണിന് നയതന്ത്ര സഹായം ലഭ്യമാക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. കുൽഭൂഷണിന് പാകിസ്ഥാൻ നയതന്ത്ര സഹായം നിഷേധിച്ചത് വിയന്ന കരാറിന്റെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

അഭിമാന പ്രശ്‌നമായതിനാൽ മാനുഷിക പരിഗണനയുടെ പേരുപറഞ്ഞായിരിക്കും പാകിസ്ഥാൻ കുൽഭൂഷണിനെ മോചിപ്പിക്കുക. അദ്ദേഹത്തിന്റെ മോചനമാണ് ഇന്ത്യയുടെ ലക്ഷ്യം.

-ഹരീഷ് സാൽവെ