ഒളിമ്പിക്സ് ഇനങ്ങളിലെ ദേശീയ ക്യാമ്പുകൾ ഇൗ മാസം
അവസാനത്തോടെ പുനരാരംഭിക്കാമെന്ന് കേന്ദ്ര കായിക മന്ത്രി
ന്യൂഡൽഹി : മാർച്ച് പകുതി മുതൽ മരവിപ്പിച്ചിരിക്കുന്ന ദേശീയ കായിക ക്യാമ്പുകൾ ഇൗ മാസം അവസാനത്തോടെ പുനരാരംഭിക്കാനാകുമെന്ന് കേന്ദ്ര കായികമന്ത്രി കിരൺ റിജിജു അറിയിച്ചു. ഒളിമ്പിക്സ് ലക്ഷ്യമിട്ടുള്ള ക്യാമ്പുകളാണ് ആദ്യ ഘട്ടത്തിൽ തുടങ്ങുന്നത്. മറ്റ് കായിക ഇനങ്ങളിൽ വീണ്ടും കാത്തിരിക്കണം. ദേശീയ തലത്തിൽ മത്സരങ്ങൾ ആരംഭിക്കാൻ സെപ്തംബർ എങ്കിലും ആകുമെന്നും മന്ത്രി പറഞ്ഞു.
ലോക്ക്ഡൗണിനെത്തുടർന്ന് പട്യാലയിലെയിലും ബാംഗ്ളൂരിലെയും ദേശീയ ക്യാമ്പുകളിൽ കുടുങ്ങിപ്പോയ ഒളിമ്പിക് താരങ്ങൾക്ക് ഗ്രൗണ്ടിലിറങ്ങി പരിശീലനം നടത്താനുള്ള സാഹചര്യമെങ്കിലും ഒരുക്കണമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് നരീന്ദർ ബത്ര ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഘട്ടം ഘട്ടമായി മാത്രമേ പരിശീലനം പുനരാരംഭിക്കാനാവൂ എന്നും ലോക്ക്ഡൗൺ അവസാനിക്കുന്നതുവരെ കായിക താരങ്ങൾ ഉൾപ്പടെ എല്ലാവരും തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ മുതൽ ദേശീയ ക്യാമ്പുകളിലെ പരിശീലനം ആരംഭിക്കാമെന്നാണ് താൻ കരുതിയിരുന്നതെന്നും എന്നാൽ ലോക്ക്ഡൗൺ നീട്ടിയതിനാൽ ആ തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നും മന്ത്രി അറിയിച്ചു. സ്‌പോർടസ് അതോറിട്ടി ഒഫ് ഇന്ത്യയുടെ കീഴിലുള്ള പട്യാലയിലെയും ബാംഗ്ളൂരിലെയും ക്യാമ്പുകളാണ് ആദ്യം തുടങ്ങുക. ഒളിമ്പിക്സിന് യോഗ്യത നേടിയവരോ നേടാനായി ശ്രമിക്കുന്നവരോ ആണ് ഇൗ ക്യാമ്പുകളിലുള്ളത്. എന്നാൽ ഒളിമ്പിക്സ് ഒരു വർഷത്തേക്ക് നീട്ടിവച്ചിരിക്കുകയാണ്.
അതേസമയം അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഒഫ് ഇന്ത്യ സെപ്‌തംബർ മുതൽ മത്സരങ്ങൾ പുനരാരംഭിക്കാനുള്ള തീരുമാനത്തിലാണ്. ഇതിനായി താത്കാലിക ഷെഡ്യൂളും അവർ തയ്യാറാക്കി.
സെപ്‌തംബർ 12ന് ഇന്ത്യൻ ഗ്രാൻപ്രീയോടെയാണ് മത്സരങ്ങൾ ആരംഭിക്കുക. തുടർന്ന് മൂന്ന് ദേശീയ ചാമ്പ്യൻഷിപ്പുകൾ രണ്ട് മാസത്തിന്റെ ഇടവേളയിൽ നടക്കും. സെപ്‌തംബർ 20-24 തീയതികളിൽ ഒാപ്പൺ നാഷണൽസും ഒക്ടോബർ 5-9 തീയതികളിൽ സീനിയർ ഫെഡറേഷൻ കപ്പും ഒക്ടോബർ 29 മുതൽ നവംബർ രണ്ടുവരെ സീനിയർ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പും നടത്തും. യഥാക്രമം പട്യാല,ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ ഇൗ ചാമ്പ്യൻഷിപ്പുകൾ നടത്താനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. പുതിയ സാഹചര്യത്തിൽ വേദികൾ പ്രഖ്യാപിച്ചിട്ടില്ല.
രാജ്യത്തെ ഏറ്റവും വലിയ ടാലന്റ് ഹണ്ടിംഗ് മീറ്റായ ദേശീയ അന്തർജില്ലാ അത്‌ലറ്റിക്‌സ് ഡിസംബറിൽ നടത്തും.
അതേസമയം ഡിസംബർ മുതലുള്ള മത്സരങ്ങളേ ടോക്കിയോ ഒളിമ്പിക്‌സിനുള്ള യോഗ്യതാ ചാമ്പ്യൻഷിപ്പുകളായി പരിഗണിക്കുകയുള്ളൂ.