kerala

തിരുവനന്തപുരം: ലോക്ക്ഡൗണിന് പ്രഖ്യാപിച്ച ശേഷം അടുപ്പിച്ച് രണ്ട് ദിവസമായി പുതിയ കൊവിഡ് കേസുകളില്ലാതെ കേരളം. ഇന്നലെ മുതൽ 100ൽ താഴെയാണ് സംസ്ഥാനത്തെ കൊവിഡ് 19 രോഗികളുടെ എണ്ണമെന്നതും എടുത്തുപറയേണ്ട വസ്തുതയാണ്. ഇന്ന് കാസര്കോഡ് ചികിത്സയിലായിരുന്ന ഒരാൾക്ക് കൂടി പരിശോധനാഫലം നെഗറ്റീവായതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം നിലവിൽ 95ലേക്ക് താഴ്ന്നിരിക്കുകയാണ്.

കൊവിഡിന്റെ തുടക്കകാലത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നത് കേരളത്തിലായിരുന്നു എന്നത് കൂടി പരിഗണിക്കുമ്പോൾ ഇത് ശ്രദ്ധേയമായ നേട്ടം തന്നെയാണ്. ഇതുവരെ 401 പേരാണ് ആരോഗ്യപ്രവർത്തകരുടെയും സർക്കാരിന്റെയും കൂട്ടായ പ്രവർത്തനത്തിലൂടെ സംസ്ഥാനത്ത് രോഗമുക്തി നേടിയത്. എന്നാൽ ആശ്വാസത്തിന്റെ ഈ വേളയിലും ജാഗ്രത കൈവെടിയാതിരിക്കാനും വേണ്ട മുൻകരുതലുകൾ സ്വീകരിക്കാനും സംസ്ഥാനത്തെ ജനങ്ങൾ ശ്രദ്ധാലുക്കളാകേണ്ടതുണ്ടെന്നത് മറ്റൊരു കാര്യം.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,720 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,332 പേര്‍ വീടുകളിലും 388 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 63 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 32,217 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 31,611 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.

ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2391 സാമ്പിളുകള്‍ ശേഖരിച്ചതില്‍ ലഭ്യമായ 1683 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് നാല് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി.

വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ പഞ്ചായത്ത്, മഞ്ഞള്ളൂര്‍ പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 84 ആയി.