മുംബയ്: കൊവിഡും ലോക്ക്ഡൗണും മൂലം സമ്പദ്‌ഞെരുക്കത്തിലൂടെ കടന്നുപോകുന്ന എം.എസ്.എം.ഇ വായ്‌പാ ഇടപാടുകാർക്കായി ബാങ്ക് ഒഫ് ബറോഡ സംഘടിപ്പിച്ച മെഗാ എം.എസ്.എം.ഇ ഔട്ട്റീച്ച് പ്രോഗ്രാം ശ്രദ്ധേയമായി. ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ വിക്രമാദിത്യ സിംഗ് ഖിച്ചി ആതിഥേയനായി തത്‌സമയ വെബിനാറാണ് സംഘടിപ്പിച്ചത്. വായ്‌പാ ഇടപാടുകാർക്ക് പുറമേ ബാങ്കിന്റെ ജനറൽ മാനേജർമാർ, സോണൽ മാനേജർമാർ, റീജിയണൽ മാനേജർമാർ, ശാഖാ മാനേജർമാർ തുടങ്ങിയവർ സംബന്ധിച്ചു.
49,000 ഉപഭോക്താക്കളുമായാണ് ഓൺലൈനിൽ കണക്‌ട് ചെയ്‌തത്. ചാറ്ര് ബോക്‌സ് മുഖേന 22,000ലേറെ ചോദ്യങ്ങൾ ബാങ്കിന് ലഭിച്ചു. എം.എസ്.എം.ഇകളുടെ ആശങ്കകൾ പരിഹരിക്കാനും വെല്ലുവിളികളെ അതിജീവിക്കാനും ബാങ്ക് എടുത്ത നടപടികൾ സംബന്ധിച്ച് അറിയിക്കാനും എം.എസ്.എം.ഇ വായ്‌പാ ഇടപാടുകാർക്ക് ലഭ്യമായ ആനുകൂല്യങ്ങൾ, സൗകര്യങ്ങൾ എന്നിവയെ കുറിച്ച് ബോധവത്കരിക്കാനുമാണ് വെബിനാർ സംഘടിപ്പിച്ചത്.