കണ്ണൂർ :. മുംബയ് ജവഹർലാൽ പോർട്ട്എ ട്രസ്റ്റിൽ കസ്റ്റംസ് സൂപ്രണ്ടും ,കണ്ണൂർ എടക്കാട് കടമ്പൂർ സ്വദേശിയുമായ ബിനോയ് നായരെ ( 46) ദുരൂഹസാഹചര്യത്തിൽ മുംബയിൽ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി.. ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം..
കസ്റ്റംസിൽ ഇറക്കുമതി വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ബിനോയ് നായരെ ശനിയാഴ്ച ഉച്ച വരെ ഓഫീസിൽ കണ്ടതായി സഹപ്രവർത്തകർ പറയുന്നു.മുംബയ് നാവ ഷേവാ ജെട്ടിയിൽനിന്നാണ് ബിനോയ് കടലിലേക്ക് എടുത്ത് ചാടിയതെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമാകുകയായിരുന്നു. കാറിൽ വന്നിറങ്ങിയ ബിനോയ് കാർ ജെട്ടിക്കടുത്ത് പാർക്ക് ചെയ്തതിന് ശേഷമാണ് ഈ കടുംകൈ ചെയ്തതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഉടനെ രക്ഷാ പ്രവർത്തകരെത്തി കയറിൽ കെട്ടിയ റബ്ബർ ട്യൂബുകൾ ലഭ്യമാക്കിയെങ്കിലും അതിൽ പിടിച്ചു രക്ഷപ്പെടാൻ തയ്യാറായില്ല. പിന്നീട് മുങ്ങൽ വിദഗ്ദർ എത്തിയാണ് മൃതദേഹം കണ്ടെടുത്തത്. മരണകാരണം വ്യക്തമല്ല. നെരൂൾ സീവുഡിലാണ് ബിനോയ് കുടുംബ സമേതം താമസിക്കുന്നത്. സംസ്കാരം മുംബയിൽ നടത്തി.
കടമ്പൂർ മീത്തലെ മടത്തിൽ നാരായണൻ നായരുടെയും ഗൗരിയുടെയും മകനാണ്. മുംബയിൽ സ്ഥിരതാമസമാക്കിയ രാഖിയാണ് ഭാര്യ. പ്ളസ് ടു വിദ്യാർഥി പ്രണവ് മകൻ.