langer

സിഡ്​നി: ഇന്ത്യയിൽ നിന്നും ടെസ്​റ്റിലെ ഒന്നാം റാങ്ക്​ തിരിച്ചുപിടിച്ച ആസ്​ട്രേലിയൻ ക്രിക്കറ്റ്​ ടീമിന്റെ ലക്ഷ്യം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ അവരുടെ മണ്ണിൽ ​ തോൽപിക്കുകയാണെന്ന് ആസ്​ട്രേലിയൻ കോച്ച്​ ജസ്​റ്റിൻ ലാംഗർ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യയെ മറികടന്ന് കിരീടം നേടാൻ തങ്ങൾക്ക് ശേഷിയുണ്ടെന്നും ലാംഗർ അവകാശപ്പെട്ടു. പന്ത്​ചുരണ്ടൽ വിവാദത്തിൽ ആടിയുലഞ്ഞ ശേഷം പഴയ പ്രതാപത്തി​ലേക്ക്​ നടന്നടുക്കുന്ന ഓസീസ്​ വെള്ളിയാഴ്​ചയാണ്​ ഇന്ത്യയിൽ നിന്നും ഒന്നാം റാങ്ക്​ പിടിച്ചടക്കിയത്​. ‘ലോക ടെസ്​റ്റ്​ ചാമ്പ്യൻഷിപ്പാണ്​ ഞങ്ങളുടെയും ലക്ഷ്യം. ഇന്ത്യയെ ഇന്ത്യയിലെത്തി തോൽപിക്കുകയും അവർ തിരിച്ച്​ ആസ്​ട്രേലിയയിലെത്തു​േമ്പാൾ വീണ്ടും തോൽപിക്കുകയും ചെയ്യണമെന്നതാണ്​ ഏറ്റവും വലിയ ലക്ഷ്യം​’ ലാംഗർ ക്രിക്കറ്റ്​ ആസ്​ട്രേലിയ വെബ്​സൈറ്റിനോട്​ പറഞ്ഞു. ‘ഏറ്റവും മികച്ച ടീമിനെ കീഴടക്കിയാൽ മാത്രമേ നിങ്ങൾക്ക്​ മികച്ചവരെന്ന്​ വിലയിരുത്തപ്പെടാൻ സാധിക്കൂ. ഒന്നാം സ്​ഥാനത്തെത്തുന്നത്​ വലിയ കാര്യമാണ്​. പക്ഷെ ഒന്നാം സ്ഥാനത്തിരിക്കുമ്പോൾ മറ്റുള്ളവർ നിങ്ങളെ പിന്തുടരുമെന്ന കാര്യം മറക്കരുത്. അതുകൊണ്ട്​ ഞങ്ങൾക്ക്​ ഇനിയും കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട്’​ ലാംഗർ കൂട്ടിച്ചേർത്തു.