മെൽബൺ: സ്റ്റീവൻ സ്മിത്തും ഡേവിഡ് വാർണറും പന്ത് ചുരണ്ടൽ വിവാദത്തിൽ കുടുങ്ങി പുറത്തിരുന്ന ഘട്ടത്തിൽ ടീമിന്റെ നെടുന്തൂണായിരുന്ന ഉസ്മാൻ ഖ്വാജ ആസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾക്കുള്ള പുതിയ കരാറിൽ പുറത്ത്.
അടുത്തിടെയായി ഫോം കണ്ടെത്താൻ വിഷമിക്കുന്ന താരം പുതിയ വർഷത്തേക്കുള്ള 20 താരങ്ങളുടെ പട്ടികയിലാണ് പുറത്തായത്. കഴിഞ്ഞ ആഷസിനിടെ ഒഴിവാക്കപ്പെട്ടിരുന്ന ഖ്വാജ പിന്നീട് ടീമിൽ ഇടം പിടിച്ചിരുന്നില്ല. പീറ്റർ ഹാൻഡ്സ്കോംബ്, മാർക്കസ് ഹാരിസ്, ഷോൺ മാർഷ്, ഫാസ്റ്റ് ബൗളർ നഥാൻ കൗട്ടർനൈൽ, മാർക്കസ് സ്റ്റോയിനിസ് എന്നിവരും പുതിയ പട്ടികയിൽ ഇടംപിടിച്ചിട്ടില്ല.
പകരം, മാർനസ് ലബൂഷെയിൻ, ആഷ്ടൺ ആഗർ, ജോ ബേൺസ്, മിച്ചൽ മാർഷ്, കെയിൻ റിച്ചാർഡ്സൺ, മാത്യു വേഡ് എന്നിവരെ പരിഗണിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലത്തിനിടെ അസാധാരണ പ്രകടനവുമായി പുത്തൻ താരോദയമായി മാറിയ ലബൂഷെയ്ൻ എല്ലാ ഫോർമാറ്റിലും മികവ് കാട്ടുന്നുണ്ട്.