norka-roots

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാൻ നോർക്കയിൽ രജിസ്റ്റർ ചെയ്ത വിദേശ മലയാളികളുടെ എണ്ണം 4.13 ലക്ഷമായി. മറ്റുസംസ്ഥാനങ്ങളിൽ നിന്ന് 1,50,054 മലയാളികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെ ലോക്ക്ഡൗണിനെ തുടർന്ന് കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ എണ്ണം 5.63 ലക്ഷമായി ഉയർന്നു.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്താൻ നോർക്കയിൽ രജിസ്റ്റർ ചെയ്തവർക്ക് പ്രവേശന പാസുകൾ നൽകി തുടങ്ങി. രജിസ്റ്റർ ചെയ്തവരുടെ മൊബൈലിൽ എത്തേണ്ട സമയമുൾപ്പെടെയുള്ള വിവരങ്ങൾ സന്ദേശമായി ലഭിക്കും. നോർക്ക രജിസ്റ്റർ നമ്പറുകൾ ഉപയോ​ഗിച്ച് പാസുകൾക്ക് അപേക്ഷിക്കാം. വിദേശത്തുനിന്നും മടങ്ങുന്ന പ്രവാസികളിൽ 61,009 പേർ തൊഴിൽ നഷ്ടപ്പെട്ടതിനെത്തുടർന്നാണ് മടങ്ങിയെത്തുന്നത്. രജിസ്റ്റർ ചെയ്തവരിൽ 9827 ഗർഭിണികളും 10,628 കുട്ടികളും 11,256 വയോധികരുമാണ്. കൂടാതെ പഠനം പൂർത്തിയാക്കിയ 2902 വിദ്യാർത്ഥികളും മടങ്ങിവരും.

വാർഷികാവധിക്ക് വരാൻ ആഗ്രഹിക്കുന്ന 70,638 പേരും, സന്ദർശന വിസ കാലാവധി കഴിഞ്ഞ 41,236 പേരും വിസകാലാവധി കഴിഞ്ഞതും റദ്ദാക്കപ്പെട്ടവരുമായ 27,100 പ്രവാസികളും മടങ്ങിവരാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജയിൽമോചിതരായ 806 പേരും മറ്റുള്ള കാരണങ്ങളാൽ 1,28,061 വിദേശ പ്രവാസികളും രജിസ്റ്റർ ചെയ്തവരിൽപ്പെടുന്നു രജിസ്റ്റർ ചെയ്തിട്ടുള്ള വിദേശ മലയാളികളുടെ പേരു വിവരവും മുൻഗണനാക്രമവും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും അതത് രാജ്യത്തെ എംബസികൾക്കും അയച്ചുകൊടുക്കുന്നതിന് നടപടിയായി.

കർണാടകയിൽ നിന്ന് 49,233 മലയാളികളാണ് സ്വദേശത്തേക്ക് മടങ്ങാൻ ഇതിനോടകം രജിസ്റ്റര്‍ ചെയ്തത്. തമിഴ്‌നാട്ടിൽനിന്ന് 45,491 പേരും മഹാരാഷ്ട്രയിൽ നിന്ന് 20,869 പേരും നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.