വീഡിയോ കോൺഫറൻസിംഗ് ആപ്പ് ആയ 'സൂമി'ലൂടെ ചോർന്ന അഞ്ച് ലക്ഷം പേരുടെ സ്വകാര്യ വിവരങ്ങൾ ഇന്റർനെറ്റിലെ നിഗൂഢ പരിസരമായ ഡാർക്ക് വെബ്ബിലൂടെ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നതായി വിവരം. ബ്രിട്ടീഷ് പത്രമായ 'സൺഡേ ടൈംസ്' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പ്രധാനമായും ആപ്പിലെ ലോഗിൻ ചെയ്യുന്നതിന് ആവശ്യമായ വിവരങ്ങളാണ് ഡാർക്ക് വെബ്ബിലൂടെ ചോർത്തി ഹാക്കർമാർ വില്പനയ്ക്ക് വച്ചിരിക്കുന്നത്.
വളരെ തുച്ഛമായവിലയ്ക്ക്(ഏകദേശം 10 ഇന്ത്യൻ രൂപ) ഈ വിവരങ്ങൾ ഡാർക്ക് വെബ്ബിലൂടെ വാങ്ങാൻ കഴിയുമെന്നതാണ് ഭീതിപ്പെടുത്തുന്ന വസ്തുത. സൈബർ സെക്യൂരിറ്റി ഇന്റലിജൻസ് സ്ഥാപനമായ 'സൈബിളിന്' ഇതേ കുറിച്ചുള്ള വിവരം ലഭിച്ചിരുന്നു. തുടർന്ന് ടെലിഗ്രാം വഴി റഷ്യൻ ഭാഷ സംസാരിക്കുന്ന ഒരാളിൽ നിന്നും കമ്പനി ഈ സ്വകാര്യ വിവരങ്ങൾ വാങ്ങുകയായിരുന്നു.
ചാറ്റിംഗ് പ്ലാറ്റഫോം ആയ ടെലിഗ്രാം സ്വകാര്യ മെസേജിംഗ് അനുവദിക്കുന്നതിനാൽ ഇയാളെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. 'സൂം' വഴി വ്യാപക വിവരചോർച്ച ഉണ്ടാകുമെന്നും അതിനാൽ ആപ്പ് ഉപയോഗിക്കാൻ പാടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. കൊവിഡ് മൂലമുള്ള ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ ലോകമാകമാനം വീഡിയോ കോൺഫറൻസുകൾക്കായി ഈ ആപ്പ് വ്യാപകമായി ഉപയോഗിപ്പെട്ടിരുന്നു.