ന്യൂഡൽഹി : ഇന്ത്യൻ ഫുട്ബാൾ ക്യാപ്ടൻ സുനിൽ ഛെത്രിയോട് ലോക്ക്ഡൗണിലെ ബോറടി മാറ്റാൻ നെറ്റ്ഫ്ലിക്സ് അക്കൗണ്ടിന്റെ പാസ്സ്വേർഡ് ചോദിച്ച ആരാധകൻ സോഷ്യൽ മീഡിയയിൽ ഇങ്ങനെ വൈറലാകുമെന്ന് ഒരിക്കലും ചിന്തിച്ചുകാണില്ല. ആരാധകന്റെ ആവശ്യം ഛെത്രിയും നെറ്റ്ഫ്ളിക്സും കൂടി ഏറ്റെടുത്തതോടെ ആരാധകന് പുതിയ നെറ്റ്ഫ്ളിക്സ് അക്കൗണ്ടിനൊപ്പം ഛെത്രി ഒപ്പിട്ട ജഴ്സിയും കിട്ടിയിരിക്കുകയാണ്.
ഛെത്രിയുടെ ട്വിറ്റർ അക്കൗണ്ടിലേക്ക് വന്ന ആരാധകന്റെ കമന്റിനാണ് രസകരമായ ട്വിസ്റ്റ് ഉണ്ടായത്.
"താങ്കളുടെ നെറ്റ്ഫ്ലിക്സ് അക്കൗണ്ടിന്റെ യൂസർ നെയിമും പാസ്വേർഡും എനിക്ക് തരുമോ...? ലോക്ക് ഡൗൺ കഴിഞ്ഞാൽ പാസ്വേർഡ് മാറ്റിക്കോളൂ..." ഇങ്ങനെയായിരുന്നു ആരാധകന്റെ സന്ദേശം.
"ജേഴ്സി വേണ്ട, ചിത്രത്തിൽ ഒാട്ടോഗ്രാഫ് വേണ്ട, പോസ്റ്റിന് റീപ്ലേ വേണ്ട, അയൽക്കാരന്റെ പട്ടിക്ക് ആശംസകൾ നേർന്നു കൊണ്ടുള്ള വിഡിയോയും വേണ്ട. ഇതാ ഇവിടെയൊരാൾ, അദ്ദേഹത്തിന്റെ ആവശ്യം സത്യസന്ധമാണ്.
ശരിക്കും ഇൗ ആവശ്യം പരിഗണിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു." സന്ദേശം പങ്കുവെച്ചുകൊണ്ട് ഛേത്രി കുറിച്ചു.
തൊട്ടുപിന്നാലെ നെറ്റ്ഫ്ളിക്സിന്റെ ഒഫിഷ്യൽ അക്കൗണ്ടിൽ നിന്ന് ഛെത്രിക്ക് സന്ദേശമെത്തി.ഛെത്രി ഒപ്പിട്ട ഒരു ഫോട്ടോഗ്രാഫ് തങ്ങൾക്ക് തരുമോ എന്നതായിരുന്നു ആ സന്ദേശം.
"എന്നാൽ നമുക്ക് ബാർട്ടർ സിസ്റ്റത്തിലേക്ക് മടങ്ങാം. ഞാൻ ഒപ്പിട്ട ഒരു ചിത്രവും ജഴ്സിയും നിങ്ങൾക്ക് നൽകാം. ആരാധകന് രണ്ട് മാസത്തേക്ക് ഒരു അക്കൗണ്ട് നൽകൂ" എന്നായി ഛെത്രി. ഇതോടെ ആ ആരാധകനെ സന്തോഷിപ്പിക്കാൻ താങ്കൾ നൽകുന്ന ജഴ്സിയും പുതിയ അക്കൗണ്ടും ആരാധകന് കൊടുക്കാമെന്ന് നെറ്റ്ഫ്ളിക്സും. എങ്കിൽ നിങ്ങൾക്കും ,ആരാധകനും ഒാരോ ജഴ്സിവീതം നൽകാമെന്ന് ഛെത്രി. ഇതോടെ ഛെത്രിക്കും നെറ്റ്ഫ്ളിക്സിനും കയ്യടികളുമായി സോഷ്യൽ മീഡിയയും.