rijiju

ന്യൂഡൽഹി : സോഷ്യൽ മീഡിയിയിൽ ഉസൈൻ ബോൾട്ടിനെ വെല്ലുന്ന ഒാട്ടക്കാർ എന്ന് വാഴ്ത്തപ്പെടുന്നവർ ട്രാക്കിലേക്ക് എത്തുമ്പോൾ വട്ടപ്പൂജ്യമായി മാറുമെന്ന് കേന്ദ്ര കായികമന്ത്രി കിരൺ റിജിജു. ഇക്കാര്യം നന്നായി അറിയാമെങ്കിലും സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള താരോദയങ്ങൾ ഉണ്ടാകുമ്പോൾ അവരെ ട്രാക്കിലേക്ക് വിളിച്ച് ഒാടാൻ അവസരം നൽകാൻ താൻ തയ്യാറാകുന്നത് അല്ലെങ്കിൽ കായിക മന്ത്രി എന്തിനാണ് ആ സ്ഥാനത്തിരിക്കുന്നത് എന്ന മാതിരിയുള്ള ചോദ്യങ്ങൾ ഉയരുന്നത് കൊണ്ടാണെന്നും റിജിജു പറഞ്ഞു.

മദ്ധ്യപ്രദേശിലെ നഗ്നപാദനായ ഒാട്ടക്കാരൻ രമേശ്വർ ഗുജ്ജാറിന്റെയും കർണാടകത്തിലെ കമ്പള ജോക്കി ശ്രീനിവാസ ഗൗഡയുടെയും അനുഭവം ഒാർമ്മിപ്പിച്ചാണ് മന്ത്രി ഒരു ഒാൺലൈൻ ചർച്ചയിൽ ഇക്കാര്യം പറഞ്ഞത്. 11 സെക്കൻഡിൽ താഴെ നൂറുമീറ്റർ ഫിനിഷ് ചെയ്യുമെന്ന അവകാശവാദവുമായാണ് ഗുജ്ജാറിന്റെ വീഡിയോ മദ്ധ്യപ്രദേശിലെ ഒരാൾ പോസ്റ്റ് ചെയ്തത്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് ചൗഹാൻ പോലും ഇക്കാര്യം പരിഗണിക്കണമെന്ന് ശുപാർശ ചെയ്തു. അതുകൊണ്ടാണ് അദ്ദേഹത്തിനടുക്കലേക്ക് സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയിലെ പരിശീലകരെ അയച്ചത്. എന്നാൽ ട്രാക്കിലിറക്കി ഒാടിച്ചപ്പോൾ അവകാശ വാദങ്ങളൊക്കെ ആവിയായി. ജൂനിയർ താരങ്ങൾ ഫിനിഷ് ചെയ്യുന്ന സമയത്തുപോലും എത്താനാകാതെ 13 സെക്കൻഡിലാണ് ഗുജ്ജാർ ഒാടിയെത്തിയത്.

ശ്രീനിവാസ ഗൗഡയുടെ കാര്യത്തിൽ ട്രയൽസ് പോലും നടത്താനായില്ല. സിന്തറ്റിക് ട്രാക്കിൽ ഒാടാനോ സ്പൈക്ക്സ് ധരിക്കാനോ ഗൗഡയ്ക്ക് അറിയുമായിരുന്നില്ല. കാര്യമൊന്നുമറിയാതെ സോഷ്യൽ മീഡിയയിലൂടെ എന്തും വിളിച്ചുപറയുന്നവരാണ് ഇൗ കുഴപ്പങ്ങളൊക്കെ ഉണ്ടാക്കുന്നതെന്നും മന്ത്രി പറഞ്ഞു.രാജ്യത്ത് ക്രിക്കറ്റ് അല്ലാത്ത കായിക ഇനങ്ങളെക്കുറിച്ച് ശരിയായ അറിവുള്ളവർ കുറവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.