ഭോപ്പാൽ: ഉപതിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ വീഴുമെന്ന അവകാശവാദവുമായി മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥ്. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 24 സീറ്റുകളിലാണ് മദ്ധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പ് നടക്കുക. ഈ സീറ്റുകളിലെല്ലാം കോൺഗ്രസ് തന്നെയാണ് വിജയം നേടുകയെന്നും ഇക്കാര്യത്തിൽ ഒരു ആശങ്കയും തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 22 എം.എൽ.എമാർ പിന്തുണ പിൻവലിച്ചതോടെയാണ് മാർച്ചിൽ കോൺഗ്രസ് സർക്കാർ താഴെ വീഴുന്നതും ബി.ജെ.പി അധികാരത്തിലേറുന്നതും.
'ഇപ്പോള്‍ എല്ലാ വോട്ടര്‍മാര്‍ക്കും ധാരണയുണ്ട്. അവര്‍ നിശബ്‍ദമായിരുന്നാലും ചുറ്റിലും നടക്കുന്ന കാര്യങ്ങള്‍ അറിയാം. ചതിക്കപ്പെടുന്നതിനെ അവര്‍ എതിര്‍ക്കുന്നു. ബിജെപി സര്‍ക്കാരിന് ഉപതെരഞ്ഞെടുപ്പിനെ അതിജീവിക്കാനാവില്ല. 20 മുതല്‍ 22 സീറ്റ് വരെ കോണ്‍ഗ്രസ് നേടും. അതിന് ശേഷം ബി.ജെ.പിക്ക് പിടിച്ചുനിൽക്കാനാകുമോ?' മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ചോദിക്കുന്നു. ബി.ജെ.പിയിലേക്ക് ചേക്കേറിയ മുൻ കോൺഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ കളം മാറ്റി ചവിട്ടാൻ ശ്രമിക്കുന്ന കാര്യം തനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
സിന്ധ്യയുടെ നീക്കങ്ങളെ കുറിച്ച് തനിക്കറിയാമായിരുന്നുവെന്നും എന്നാല്‍ സിന്ധ്യയ്ക്കൊപ്പമുള്ള എം.എല്‍.എമാര്‍ പാര്‍ട്ടി വിടില്ലെന്ന് ദിഗ്വിജയ് സിംഗ് തന്നെ ധരിപ്പിച്ചിരുന്നുവെന്നും കമല്‍നാഥ് വ്യക്തമാക്കുന്നു. നീക്കങ്ങള്‍ എല്ലാം തന്നെ മുന്‍കൂട്ടി തീരുമാനിച്ചത് പോലെയായിരുന്നു. ദിവസത്തില്‍ മൂന്ന് തവണ തന്നോട് സംസാരിക്കുന്ന എം.എല്‍.എമാര്‍ പാര്‍ട്ടി വിടില്ലെന്ന് ദിഗ്വിജയ് സിംഗിന് ഉറപ്പായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മൂന്ന് മാസത്തേക്ക് വൈദ്യുതി, വാട്ടര്‍ ബില്ലുകള്‍ ഈടാക്കാരുതെന്നും കമല്‍നാഥ് ആവശ്യപ്പെട്ടു.