kashmir-

ശ്രീനഗർ: ജമ്മു കാശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കേണലും മേജറും ഉൾപ്പെടെ നാല് സൈനികരും ഒരു പൊലീസ് സബ് ഇൻസ്പക്ടറും വീരമൃത്യു വരിച്ചു.

ഏറ്റുമുട്ടലിൽ പാക് സ്വദേശിയായ ലഷ്‌കർ കമാൻഡർ ഹൈദർ ഉൾപ്പടെ രണ്ട് ഭീകരരെ സൈന്യം വധിച്ചു.

21 രാഷ്ട്രീയ റൈഫിൾസ് കമാൻഡിംഗ് ഓഫീസർ കേണൽ അശുതോഷ് ശർമ്മ,​ മേജർ അനൂജ് സൂദ്,​ നായിക് രാജേഷ് കുമാർ, ലാൻസ് നായിക്ക് ദിനേഷ്, പൊലീസ് ഉദ്യോഗസ്ഥൻ ഷക്കീൽ അഹമ്മദ് ഖ്വാസി എന്നിവരാണ് വീരമൃത്യു വരിച്ചത്.

വടക്കൻ കാ‌ശ്‌മീരിലെ ഹന്ദ്വാരയിൽ ചാംഗിമുൽ ഗ്രാമത്തിൽ ശനിയാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ പതിനെട്ട് മണിക്കൂറോളം നീണ്ടുനിന്നു.

ഗ്രാമത്തിലെ ഒരു വീട്ടിലെ അംഗങ്ങളെ ഭീകരർ ബന്ദികളാക്കിയെന്ന ഇന്റലിജൻസ് വിവരം കിട്ടിയ സേന പൊലീസിനൊപ്പം നടത്തിയ രക്ഷാ ദൗത്യം ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. വീട്ടിൽ പ്രവേശിച്ച സേനാംഗങ്ങൾ ബന്ദികളെ രക്ഷിച്ചു. അതിന് പിന്നാലെ തൊഴുത്തിൽ ഒളിച്ചിരുന്ന ഭീകരർ സേനാ സംഘത്തിന് നേരെ വെടിവയ്‌ക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഇവർ വീരമൃത്യു വരിച്ചത്. ശനിയാഴ്ച വൈകിട്ട് തന്നണ്ഡ ഭീകരർ‌ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ രാവിലെയാണ് സുരക്ഷാ ഭടന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

ശനിയാഴ്ച ഉച്ചയോടെ രാജ്‌വാര വനമേഖലയിൽ നിന്ന് ര,ക്ഷപ്പെട്ട ഭീകരർ ഈ വീട്ടിൽ ഒളിക്കുകയായിരുന്നു.

കാശ്‌മീരിൽ സമീപകാലത്ത് ഒരു ഓപ്പറേഷനിൽ ഇത്രയും സേനാംഗങ്ങൾ കൊല്ലപ്പെടുന്നത് ആദ്യമായാണ്.

" ഹന്ദ്വാരയിൽ വീരമൃത്യു വരിച്ച ജവാൻമാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ആദരാഞ്ജലി. അവരുടെ ധീരതയും ത്യാഗവും ഒരിക്കലും മറക്കില്ല. അർപ്പണബോധത്തോടെയാണ് ജവാൻമാർ രാജ്യത്തെ സേവിച്ചത്.

- പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ.


അശുതോഷ് ധീരനായ പോരാളി

കേണൽ അശുതോഷ് ശർമ്മ വീരമൃത്യു വരിച്ചത് ലക്ഷ്യം കൈവരിച്ച ശേഷമാണെന്ന് സഹപ്രവർത്തകർ പറഞ്ഞു. ലഷ്‌കർ ഭീകരൻ ഹൈദറിനെ പിടികൂടുകയോ വധിക്കുകയോ ആണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറയുമായിരുന്നു. രണ്ട് തവണ ധീരതയ്ക്കുള്ള മെഡൽ നേടിയിട്ടുണ്ട്.